കൂടത്തായി സിനിമകളും പരമ്പരകളും; ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

By Web TeamFirst Published Jan 9, 2020, 10:57 PM IST
Highlights

കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിനെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു. 

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിനെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ജനുവരി 13ന് ആൻറണി പെരുമ്പാവൂർ അടക്കമുള്ള നിർമാതാക്കൾ കോടതിയിൽ ഹാജരാകണം. ഇതനുസരിച്ച് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. പരേതനായ റോയ് തോമസിന്റെയും ജോളി തോമസിന്റെയും മക്കളായ റെമോ റോയ് (20) ,റെനോള്‍ഡ് റോയ് (15), റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ (42) എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നീക്കം.

ഇതുപ്രകാരം പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരകളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമകളുടെയും, സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയക്കുകയാണെന്ന് താമരശേരി മുന്‍സിഫ് കോടതി അറിയിച്ചു.  മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. ഒപ്പം മലാളത്തിലെ  സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്. 

ജനുവരി 13ന് ആൻറണി പെരുമ്പാവൂർ അടക്കമുള്ള നിർമാതാക്കൾ കോടതിയിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചതായി വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് എം. മുഹമ്മദ് ഫിര്‍ദൗസ് പറഞ്ഞു. കൂടത്തായ് കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കും മുന്‍പേ തന്നെ കേരളത്തെ ഞെട്ടിച്ച ഈ കേസിനെ ഇതിവൃത്തമാക്കി സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു. 

ഇതിനകം തന്നെ  മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോള്‍ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഈ ഹര്‍ജിയിലാണിപ്പോള്‍ കോടതി സിനിമകളുടെയും സിരിലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

click me!