ഒടുവില്‍ അത്ഭുതമാത മുങ്ങിത്താഴ്ന്നു... ; മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക്...

By Web TeamFirst Published Nov 14, 2019, 11:13 AM IST
Highlights

 ബോട്ടിന് അകമ്പടി വരാനുള്ള ചെലവ് ആദ്യമേ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന അവശേഷിച്ച ഡീസല്‍ വിറ്റാണ് ബോട്ട് കരയ്ക്കെത്തിക്കാനാവശ്യമായ പണം മത്സ്യതൊഴിലാളികള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് മഹ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ലക്ഷദ്വീപ് തീരക്കടലിൽ നങ്കൂരമിട്ടത്.


തിരുവനന്തപുരം: മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കരയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ഉടമസ്ഥതയിലുള്ള, തമിഴ്നാട് രജിസ്ട്രേഷന്‍ അത്ഭുതമാത ബോട്ട് കടലിലുപേക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് തിരിച്ചു. മൂന്ന് മലയാളികളും ഏഴ് തമിഴരും അടക്കം പത്ത് മത്സ്യത്തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു. 

ഇന്നലെ കരയിലേക്ക് തിരിച്ച് വരും വഴി ഉച്ചയ്ക്ക് രണ്ടി മണിയോടെ കടലിൽവച്ച്‌ രണ്ടാമതും അപകടമുണ്ടായതിനെ തുടര്‍ന്ന് ബോട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. കാറ്റും ഉയവും തിരയും ശക്തമായ‌ സാഹചര്യത്തിൽ ബോട്ടിന്‍റെ എഞ്ചിൻ റൂമിൽ വെള്ളം കയറി ബോട്ട് രണ്ടായി പിളരുകയുമാണുണ്ടായതെന്ന് ബോട്ടുടമ കൂടെയായ പൂവാർ സ്വദേശിയായ അലക്സാണ്ടർ പറഞ്ഞു. അതിനെ തുടർന്ന് ബോട്ട് കടലിലേക്ക്‌ താഴ്ന്നു പോവുകയായിരുന്നു. ബോട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയ ഉടനെ വലയും മറ്റ് അത്യാവശ്യ സാധനങ്ങളുമെടുത്ത് കൽപ്പേനിയിൽ നിന്ന് അകമ്പടിയായി വന്ന ബോട്ടിലേക്ക് മാറിയ പത്ത് മത്സ്യത്തൊഴിലാളികള്‍ ചെറിയ പരിക്കുകളോടെ സുരക്ഷിതരാണ്. ഇന്ന് ഉച്ചയോട് കൂടെ മത്സ്യത്തൊഴിലാളികൾ കന്യാകുമാരി തേങ്ങാപട്ടണം ഹാർബറിലെത്തിച്ചേരുമെന്ന് കരുതുന്നു. അറുപതു ലക്ഷം രൂപ വിലവരുന്നതാണ് കടലില്‍ മുങ്ങിയ അത്ഭുതമാത ബോട്ട്. 

മഹ ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് അറബിക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്ന മറ്റ് ബോട്ടുകളോടൊപ്പമാണ് അത്ഭുതമാതയും ലക്ഷദ്വീപില്‍ നങ്കൂരമിട്ടത്. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അത്ഭുമാത ലക്ഷദ്വീപിലെ മണലില്‍ ഉറച്ച് പോവുകയായിരുന്നു. തുടര്‍ന്ന് ദ്വീപ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റും നാട്ടുകാരും കൈമെയ്യ് മറന്നാണ് ബോട്ടുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 

ഒടുവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ ബലൂണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്ഭുതമാതയെ മണ്ണില്‍ നിന്നും ഉയര്‍ത്തി. എന്നാല്‍ ശക്തമായ കാറ്റിലും അത്രയും ദിവസം മണ്ണിലും ഉറച്ചതിനാല്‍ ബോട്ടില്‍ ദ്വാരങ്ങള്‍ ഉണ്ടാവുകയും വെള്ളം കയറിത്തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് വരുന്നത് പ്രശ്നമായതിനാല്‍ മറ്റൊരു ബോട്ടിന്‍റെ സഹായത്താലായിരുന്നു അത്ഭുതമാതയെ കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ബോട്ടിന് അകമ്പടി വരാനുള്ള ചെലവ് ആദ്യമേ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന അവശേഷിച്ച ഡീസല്‍ വിറ്റാണ് ബോട്ട് കരയ്ക്കെത്തിക്കാനാവശ്യമായ പണം മത്സ്യതൊഴിലാളികള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് മഹ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ലക്ഷദ്വീപ് തീരക്കടലിൽ നങ്കൂരമിട്ടത്.


 

click me!