
കാസർകോട് : വർഷങ്ങളുടെ കാത്തിരിപ്പ് ഫലം കണ്ടില്ല. ഒടുവിൽ മക്കളെ കാണാതെ അന്നമ്മച്ചേട്ടത്തി കർത്താവിൽ നിദ്ര പ്രാപിച്ചു. കാസർഗോഡ് വെസ്റ്റ് എളേരി ആടുകളം പാടിയിലെ പരേതനായ കുര്യാക്കോസിന്‍റെ ഭാര്യ തടത്തിൽ വീട്ടിൽ അന്നമ്മ ചേട്ടത്തിയാണ് (95) കാണാതായ രണ്ടുമക്കളെ കണ്ണടയും മുമ്പ് കാണണമെന്ന ആഗ്രഹം ബാക്കിവെച്ച് യാത്ര പറഞ്ഞത്.
മരിക്കും മുമ്പ് മക്കളെ അവസാനമായി കണണമെന്നാഗ്രഹിച്ച അന്നമ്മച്ചേട്ടത്തിയെ കുറിച്ച് ആറുമാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട് ചെയ്തിരുന്നു. 30, വർഷങ്ങൾക്ക് മുമ്പാണ് അന്നമ്മച്ചേട്ടത്തിയുടെ രണ്ട് ആൻമക്കൾ ജോലി തേടി മറുനാട്ടിൽ പോയത്. 45 വർഷങ്ങൾക്ക് മുമ്പ് ഇടുക്കി ജില്ലയിലെ മഞ്ചി കവലയിൽ നിന്നും കാസർഗോഡ് വെസ്റ്റ് എളേരി അടുക്കളം വാടിയിൽ കുടിയേറുമ്പോൾ അന്നമ്മ ചേട്ടത്തിക്ക് മക്കൾ 11 പേരായിരുന്നു. ആ മക്കളിൽ പത്താം തരത്തിൽ ഒന്നാം ക്ലാസോടെ പാസായ രണ്ട് മക്കൾ. ജോണിയും വിൻസെന്‍റുമാണ് ജോലി തേടി ചെറുപ്പത്തിലേ നാടുവിട്ടത്.
കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിൽ നിന്ന് ആദ്യം ജോലിതേടി ബോബെയിലേക്ക് വണ്ടി കയറിയത് ജോണിയായിരുന്നു. 1986 ഡിസംബർ 26 ന് രാവിലെ അന്നമ്മയോട് യാത്ര ചോദിച്ചു. ഫോൺ ഇല്ലാതിരുന്ന കാലത്ത് എഴുത്തുകളിലൂടെ വിവരങ്ങൾ കൈമാറി അമ്മയും സഹോദരങ്ങളും തമ്മിലെ ബന്ധം കുറേകാലം നീണ്ടു. ഒരുവർഷം കഴിഞ്ഞ് വിൻസെന്‍റും ബോബെയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. വിൻസെന്‍റും കത്തുകളിലൂടെ വീട്ടുകാരുമായുള്ള അടുപ്പം നിലനിർത്തിയിരുന്നുവെങ്കിലും പിന്നീട് എന്നോ രണ്ടു പേരുടെയും വിവരങ്ങൾ നിലച്ചു.
ബോംബെയിൽ നല്ല ജോലിയാണെന്നാണ് ഇരുവരും അന്നമ്മയെയും സഹോദരങ്ങളെയും അറിയിച്ചത്. മക്കൾ രണ്ടുപേരും നല്ലനിലയിലായി തിരിച്ചുവരുമെന്ന് കരുതിയ അന്നമ്മയ്ക്ക് കഴിഞ്ഞ 30 വർഷമായി മക്കളെ ഓർത്ത് കണ്ണുനീർ പൊഴിക്കുവാനേ നേരമുണ്ടായിരുന്നൊള്ളൂ. രണ്ട് വർഷം മുൻപ് കുര്യാക്കോസും അന്നമ്മയെ തനിച്ചാക്കി വിടപറഞ്ഞു. കുര്യാക്കോസിന്‍റെ മരണം സംഭവിച്ചപ്പോൾ ജോണിയേയും വിന്സെന്‍റിനെയും കാത്ത്, രണ്ട് ദിവസത്തിന് ശേഷമാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. മക്കൾ രണ്ട് പേരെകുറിച്ചും യാതൊരു വിവരവുമില്ലെങ്കിലും എന്നെങ്കിലും അവര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കുര്യാക്കോസും അന്നമ്മയും അവർക്കുള്ള സ്വത്തുക്കൾ ഭാഗം വെച്ച് നൽകിയിരുന്നു.
30 വർഷമായി വിവരമില്ലെങ്കിലും ആടുകളം വാടിയിൽ കുര്യാക്കോസിന്‍റെയും അന്നമ്മയുടെയും പേരിലുള്ള സ്ഥലത്തിന്‍റെ 2 ഏക്കർ ഭൂമിയാണ് വിന്സെന്‍റിന്‍റെയും ജോണിയുടെയും പേരിൽ എഴുതി വെച്ചിട്ടുള്ളത്. ഇപ്പോഴും ഭൂനികുതി അടച്ചിരുന്നതും അന്നമ്മ ചേട്ടത്തി തന്നെയായിരുന്നു. 11 മക്കളിൽ അന്നമ്മ ചേട്ടത്തിക്ക് 7 ആൺ മക്കളും 4 പെണ്ണുമാണ്. മക്കളും മക്കളുടെ മക്കളും പേരമക്കളും അടങ്ങി 100 പേരോളം വരുന്ന കുടുംബത്തിന്‍റെ മുത്തശ്ശി കൂടിയായ അന്നമ്മ ചേട്ടത്തി അടുത്ത നാൾ വരെ പള്ളിയിൽ പോയി വിൻസെന്‍റും ജോണിയും തിരിചെത്താനുള്ള പ്രാത്ഥന നടത്തുമായിരുന്നു.
പ്രായവും അവശതയും തളർത്തിയ അന്നമ്മ ചേട്ടത്തിയോടൊപ്പം മക്കളായി ഒൻപത് പേർ വിളിപ്പാടകലെ ഉണ്ടെങ്കിലും മറുനാട്ടിൽ പോയി മടങ്ങിവരാത്ത വിൻസ്റ്റിനെയും ജോണിയെയുമാണ് എന്നും അവര്‍ തിരക്കിയിരുന്നത്. അവർ രണ്ടു പേരും മടങ്ങി എത്തുമെന്ന് തന്നെയായിരുന്നു അന്നമ്മ ചേട്ടത്തിയുടെ പ്രതീഷ. വർഷങ്ങൾ കാത്തിരുന്നിട്ടും കാണാത്ത മക്കളെ കണ്ടെത്താൻ പോലീസിന്‍റെ സഹായവും അന്നമ്മ ചേട്ടത്തി തേടിയിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അന്നമ്മ ചേട്ടത്തിയുടെ മറ്റുമക്കൾ. : ജോസ്, ബേബി, ലൂയിസ്, അപ്പച്ചൻ, ഷാജി , മേരി , മോളി, ജിയോമ, ആലീസ്. അന്നമ്മച്ചേട്ടത്തിയുടെ സംസ്ക്കാര ചടങ്ങുകൾ നാളെ (5.8.2018) ഉച്ചയ്ക്ക് രണ്ട് മണിക്ക് വരക്കാട് സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam