കൊച്ചിയില്‍ ചെരുപ്പ് കടയില്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങള്‍ കത്തി നശിച്ചു

By Web TeamFirst Published Jul 7, 2019, 8:02 PM IST
Highlights

തോപ്പുംപടി ജംങ്ഷനിലെ മാഴ്സൺ ഫുട്‍വെയേഴ്സിലാണ് തീപിടുത്തമുണ്ടായത്. രണ്ടാം നിലയിലുണ്ടായിരുന്ന സ്റ്റോക്ക് പൂർണ്ണമായും, ഒന്നാം നിലയിലേത് ഭാഗികമായും കത്തി നശിച്ചു. 

കൊച്ചി: കൊച്ചി തോപ്പുംപടിയിലുണ്ടായ തീപിടുത്തതിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തോപ്പുംപടി ജംങ്ഷനിലെ മാഴ്സൺ ഫുട്‍വെയേഴ്സിലാണ് സംഭവം. 

കട രാവിലെ മുതൽ തുറന്ന് പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രണ്ടാം നിലയിലാണ് ആദ്യം തീ കണ്ടത്. ജീവനക്കാരും കടയിലുണ്ടായിരുന്നവരും ഇറങ്ങിയോടി. സമീപ സ്റ്റേഷനുകളിൽ നിന്നുൾപ്പടെ ഒൻപത് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. രണ്ടാം നിലയിലുണ്ടായിരുന്ന സ്റ്റോക്ക് പൂർണ്ണമായും, ഒന്നാം നിലയിലേത് ഭാഗികമായും കത്തി നശിച്ചു.

രണ്ടാം നിലയിലെ തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ഭാഗത്തേക്ക് വെള്ളമെത്തിക്കാനാവാത്തതായിരുന്നു ഫയർഫോഴ്സ് നേരിട്ട വെല്ലുവിളി. ഇതോടെ ഈ ഭാഗം വെട്ടിപ്പൊളിച്ച് രണ്ടരമണിക്കൂർ എടുത്താണ് തീ പൂർണ്ണമായും അണച്ചത്. ഈ നിർമ്മാണം അനധികൃതമാണോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ ശ്രമങ്ങളാണ് തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീപടരാതെ തടഞ്ഞത്.

click me!