കളഞ്ഞ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഏഴാംക്ലാസ് കുട്ടികൾ മാതൃക കാട്ടി

By Web TeamFirst Published Jul 7, 2019, 5:18 PM IST
Highlights

പഠനത്തിന്‍റെ ഭാഗമായുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുവാൻ മണ്ണഞ്ചേരിയിലേക്ക് പോകവേ കെ എസ് എഫ് ഇ ശാഖക്ക് മുൻവശം റോഡ് സൈഡിൽ നിന്നാണ് ഇവർക്ക് പണം ലഭിച്ചത്

മണ്ണഞ്ചേരി: വഴിയിൽ നിന്ന് ലഭിച്ച പണം ആരുടെയും പ്രേരണ ഇല്ലാതെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഏല്പിച്ച് മാതൃക കാട്ടി താരമായിരിക്കുകയാണ് സഫ്വാൻ, അൽ ഫാദിക്ക്, മുസാഫിർ എന്നീ മിടുക്കൻമാർ. സഹപാഠികളായ ഇവര്‍ ആലപ്പുഴ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്.

പഠനത്തിന്‍റെ ഭാഗമായുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുവാൻ മണ്ണഞ്ചേരിയിലേക്ക് പോകവേ കെ എസ് എഫ് ഇ ശാഖക്ക് മുൻവശം റോഡ് സൈഡിൽ നിന്നാണ് ഇവർക്ക് പണം ലഭിച്ചത്. പണം നഷ്ടപ്പെട്ടവരെ കണ്ടെത്താനാകാത്തതുകൊണ്ടാണ് സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഇത് ഏല്‍പ്പിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്.

ഗൾഫ് മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ കുന്നപ്പള്ളിയുടെയും ഹസീനയുടെയും മകനാണ് അൽ ഫാദിക്ക്, മരോട്ടിച്ചുവട്ടിൽ ഉനൈസ്-സജ്ന ദമ്പതികളുടെ മകനാണ് സഫ്വാൻ, ചൂഴാട്ട് നൗഫൽ-വഹീദ ദമ്പതികളുടെ മകനാണ് മുസാഫിർ. വനിത സിവിൽ പൊലീസ് ഓഫീസർ സജിത, സീനിയർ സിവിൾ പൊലീസ് ഓഫീസർമാരായ ബിജിമോൻ, സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കുട്ടികൾ പണം കൈമാറിയത്. മാതൃക കാട്ടിയ കുട്ടികളെ അഭിനന്ദിച്ച ശേഷമാണ് പൊലീസ് മടക്കിയയച്ചത്. 

click me!