തിരുവനന്തപുരം ചാല മാർക്കറ്റിലെ അഗ്നിബാധ നിയന്ത്രണവിധേയം

By Web TeamFirst Published May 31, 2021, 5:52 PM IST
Highlights

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേയർ ആര്യാ രാജേന്ദ്രൻ, കെട്ടിടം അനധികൃതമായി പണിതതാണോയെന്ന് അന്വേഷിക്കുമെന്ന് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തീപിടിത്തം. കളിപ്പാട്ടങ്ങൾ ഹോൾസെയിലായി വിൽക്കുന്ന മഹാദേവ് ടോയ്സ് സെന്റർ എന്ന കടയിലാണ് വൈകീട്ടോടെ തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു.തിരുവനന്തപുരം പത്മനാഭ തീയറ്ററിന് സമീപത്താണ് അപകടം നടന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടഞ്ഞു കിടന്ന കടയിലാണ് അപകടം നടന്നത്.

ഇവിടെ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നതായി സ്ഥലത്തെ ചുമട്ടുതൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ആളപായമില്ലെന്ന് ഫയർ ഫോഴ്സ് സംഘം അറിയിച്ചിട്ടുണ്ട്. തീപിടിച്ച കടയുടെ തൊട്ടുതാഴെ തുണിക്കടയാണ്. വശങ്ങളിൽ വേറെയും കടകൾ ഉണ്ട്. തീ പടരാതിരിക്കാനുള്ള കഠിനാധ്വാനത്തിലാണ് ഫയർ ഫോഴ്സ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേയർ ആര്യാ രാജേന്ദ്രൻ, കെട്ടിടം അനധികൃതമായി പണിതതാണോയെന്ന് അന്വേഷിക്കുമെന്ന് പറഞ്ഞു. മന്ത്രിയും സ്ഥലം എംഎൽഎയുമായ ആന്റണി രാജുവും മുൻ മേയറും എംഎൽഎയുമായ വികെ പ്രശാന്തും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. 

രാജസ്ഥാൻ സ്വദേശികളുടെ കടയിലാണ് അപകടം ഉണ്ടായതെന്നാണ് വിവരം. രാവിലെ കട തുറന്ന് പുതിയ സ്റ്റോക് വെച്ചിരുന്നതായി ഉടമകളിലൊരാളായ മഹാദേവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ജീവനക്കാർ രാവിലെ ഉണ്ടായിരുന്നു. അവർ പിന്നീട് മടങ്ങി. അപകടം നടന്ന സമയത്ത് കടയിൽ ആരും ഉണ്ടായിരുന്നില്ലെന്നും എല്ലാ ലൈസൻസുകളോടെയുമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫയർ സേഫ്റ്റി ഇല്ലാതെ ആണ് കട പ്രവർത്തിച്ചത് എന്നാണ്  ആദ്യ  ഘട്ടത്തിലെ നിഗമനം എന്ന് കളക്ടർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോർട്ട് കിട്ടിയാലേ ഔദ്യോഗികമായി പറയാൻ ആകൂവെന്നും കളക്ടർ വ്യക്തമാക്കി. ടോയ് ഷോപ്പായതിനാൽ പ്ലാസ്റ്റിക്കും, പഞ്ഞിയും അടങ്ങിയ ഉൽപ്പന്നങ്ങളാണ് അധികവും ഉണ്ടായിരുന്നത്. ഇതാണ് തീ ആളിപ്പടരാൻ കാരണമായത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!