
തിരുവനന്തപുരം: മൊബൈൽ ഫോൺ അഴുക്കുചാലിൽ വീണത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തിരികെയെടുത്ത് ഫയർഫോഴ്സ്. തിരുവല്ലം ടോൾ പ്ലാസയുടെ സമീപത്തുള്ള അഴുക്കുച്ചാലിലേക്കാണ് തിരുവനന്തപുരം സ്വദേശി രാഹുൽ രജിത്തിന്‍റെ ഫോൺ വീണത്. റോഡിന് സമീപത്തെ ഒരു പൈപ്പിന്‍റെ മാത്രം ആകൃതിയിലുള്ള നാല് ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെയാണ് കൈയ്യിൽ നിന്നും അബദ്ധത്തിൽ ഫോൺ താഴേക്ക് വീണത്. ഉടൻ തന്നെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ സേനയെത്തി ഫോൺ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതൽ ഉപകരണങ്ങൾ ആവശ്യമുള്ളതിനാൽ തിരുവനന്തപുരം നിലയത്തിലേക്ക് വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും എത്തിയ സേനാംഗങ്ങൾ മൂന്ന് മണിക്കൂറുകളോളം പ്രയത്നിച്ചാണ് ഇതേ ദ്വാരത്തിലൂടെ ഫോൺ തിരികെയെടുക്കാനായത്. ഉപകരണങ്ങൾ ഉപയോഗിച്ചിട്ട് നടക്കാതായതോടെ സേനയിലെ ഉദ്യോഗസ്ഥർ ഇരുമ്പ് കമ്പി ഒരു പ്രത്യേക രീതിയിൽ വളച്ച് ദ്വാരത്തിലൂടെ കടത്തിയാണ് ഫോൺ ഉയർത്തിയെടുത്തത്.
തന്‍റെ വിലപ്പെട്ട ചിത്രങ്ങളും ബിസിനസ് രേഖകളും ഫോണിൽ ആയിരുന്നതിനാൽ ഫോൺ തിരികെ എടുത്ത് നൽകിയ സേനയോട് നന്ദി അറിയിച്ചാണ് ഉടമയും കുടുംബവും മടങ്ങിയത്. ഫയർഫോഴ്സിന്‍റെ പ്രവർത്തനങ്ങൾക്ക് ടോൾ പ്ലാസയിലെ ജീവനക്കാരും സഹായവുമായെത്തിയിരുന്നു.