അഞ്ചടി താഴ്ചയിൽ കുഴി, നിമിഷ നേരം, നെഞ്ചോളം മണ്ണിനടിയിൽ, സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം, രക്ഷകരായി ഫയർഫോഴ്സ്

By Web TeamFirst Published Apr 16, 2024, 4:32 PM IST
Highlights

അഞ്ചടി താഴ്ചയിൽ കുഴി,നിമിഷ നേരം കൊണ്ട് നെഞ്ചോളം മണ്ണിനടിയിലായി, സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടത്തിൽ രക്ഷകരായി ഫയർഫോഴ്സ്

തിരുവനന്തപുരം: തലസ്ഥാനത്ത് പുരോഗമിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ജോലിക്കിടെ അപകടം. കുഴിയിൽ വീണ് നെഞ്ച് വരെ മണ്ണ് മൂടിയ അവസ്ഥയിലായിരുന്ന തൊഴിലാളിയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സ്മാർട്ട്‌ സിറ്റി പദ്ധതിക്ക് വേണ്ടി കിളിമാനൂർ ന്യൂടെക് കമ്പനി തൊഴിലാളികൾ ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിൽ പൈപ്പ് ലൈൻ ഇടുന്നതിനായി അഞ്ചടി താഴ്ചയിൽ നീളത്തിൽ കുഴിയെടുത്തിരുന്നു. 

ഇതിൽ ഇറങ്ങി നിന്ന് പൈപ്പ് ലൈൻ ഇടുന്ന ജോലികളിലായിരുന്നു തൊഴിലാളിയായ കാട്ടാക്കട സ്വദേശി വിഷ്ണു. ഇതിനിടെ ഇരുവശത്തുനിന്നും മണ്ണിടിഞ്ഞ് അതിവേഗം ഇദ്ദേഹത്തിന്റെ നെഞ്ച് ഭാഗം വരെ താഴ്ന്നു നിൽക്കുന്ന അവസ്ഥയിലായി.

തുടർന്ന് എത്തിയ ഫയർഫോഴ്സ് കൈകൾ കൊണ്ട് മണ്ണി നീക്കി വിഷ്ണുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിഷ്ണു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.  തിരുവനന്തപുരം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷാഫി എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ, രതീഷ്, അനീഷ്, മഹേഷ് ,വിഷ്ണുനാരായണൻ, ശ്രീജിൻ, വിജിൻ, അനു, സവിൻ,വിനോദ്  എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

യുവതിയും യുവാവും ആറ്റിലേക്ക് ചാടി; രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് ജീവനക്കാരന്റെ കൈവിരൽ ഒടിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!