ചാരുംമൂട് ബേക്കറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്‌ടം

By Web TeamFirst Published Aug 30, 2019, 9:03 AM IST
Highlights

പത്ര വിതരണത്തിനെത്തിയവരാണ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ നൂറനാട് പോലീസിലും, ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു

ചാരുംമൂട്: ബേക്കറി കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ചാരുംമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന ബെസ്റ്റ് ബേക്കറിയിലുണ്ടായ തീപിടുത്തത്തില്‍ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം. മലപ്പുറം സ്വദേശി മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. 

ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു കടയിൽ തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ര വിതരണത്തിനെത്തിയവരാണ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ നൂറനാട് പോലീസിലും, ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു. 

ഈ സമയം ജംഗ്ഷനിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് സമീപത്തെ തട്ടുകടയില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടൂര്‍, കായംകുളം, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നായി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ പൂണ്ണമായും അണച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരുന്നതിന് മുമ്പായി അണയ്ക്കാന്‍ കഴിഞ്ഞിരുന്നു.

ബേക്കറി സാധനങ്ങള്‍ക്കൊപ്പം കടയുടെ ഉള്‍ഭാഗവും പൂര്‍ണ്ണമായി കത്തിക്കരിഞ്ഞു. ഫ്രീസറുകള്‍, ഫ്രിഡ്ജുകള്‍, അലമാരകള്‍ തുടങ്ങിയവയും കത്തിനശിച്ചു. ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുത്ത കാലത്തായി ജംഗ്ഷനിലെ  കടകളിലും സ്ഥാപനങ്ങളിലും രാത്രി സമയം തീപിടുത്തമുണ്ടായി വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ മാവേലിക്കര, കായംകുളം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടേക്ക് അഗ്‌നിശമന യൂണിറ്റ് എത്തുന്നത്. തീപിടുത്തമുണ്ടായാല്‍ ഇവിടേക്കെത്താന്‍ 14 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരം ഉണ്ട്. ഇത് മൂലം മിക്കപ്പോഴും തീപിടുത്തത്തിന്റെ വ്യാപ്തിയും വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു. 

click me!