
കൊച്ചി: വീട്ടുമുറ്റത്ത് കാർ മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ അര മണിക്കൂറോളം വാഹനത്തിനടിയിൽ കുടുങ്ങി യുവാവ്. മുളന്തുരുത്തി പുളിക്കമാലി ഷാപ്പുപറമ്പിൽ അഖിൽ രാജ് (30) ആണ് പരിക്കേറ്റത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനായി അഖിൽ രാജിന്റെ ഭാര്യ വാഹനം സ്റ്റാർട്ട് ചെയ്തു. പരിചയക്കുറവിനെ തുടർന്ന് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതോടെ നിയന്ത്രണം വിട്ട കാർ മുന്നിൽ നിന്നിരുന്ന അഖിൽ രാജിനെ ഇടിച്ച് തെറിപ്പിക്കുകയും ഏകദേശം 50 മീറ്റർ വരെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു.
തുടർന്ന് കാർ മതിലിനും രണ്ട് മരങ്ങൾക്കും ഇടയിലേക്ക് ഇടിച്ച് കയറി. ഇതോടെ അഖിൽ രാജ് വാഹനത്തിനടിയിൽ പൂർണമായും കുടുങ്ങി. മതിലിനും മരങ്ങൾക്കും ഇടയിൽ കാർ കുടുങ്ങിയതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. അര മണിക്കൂറോളം ഇയാൾ വാഹനത്തിനടിയിൽ കിടന്നു. വിവരമറിഞ്ഞ് മുളന്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യം ജെസിബി ഉപയോഗിച്ച് മതിൽ പൊളിച്ച് നീക്കി. തുടർന്ന് വാഹനത്തിനടിയിലെ മണ്ണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കൈകൊണ്ട് നീക്കി ചെറിയ കുഴിയുണ്ടാക്കി യുവാവിനെ പുറത്തെടുത്തു.
തലയ്ക്കും കാലിനും പരിക്കേറ്റ അഖിൽ രാജിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെആർ അനിൽകുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ വി യു ഉദേഷ്, പ്രവീൺ പ്രഭാകരൻ, കെ മിഥുൻകുമാർ, സുദേവ്, സുരേഷ് കുമാർ, കെ കെ രാജു എന്നിവർ ഉൾപ്പെട്ട ഫയർമാന്മാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam