
കോഴിക്കോട്: വാഷിംഗ് മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ വാഷിംഗ് മിഷീന്റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.
ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് കരുതിയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഹനാൻ വാഷിംഗ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടർന്ന് ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഭയന്ന് പോയ കുട്ടിയെ പുറത്തെത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു ഫയർഫോഴ്സിന്. വീട്ടുകാരുടെയും പരിസരവാസികളുടെയും സഹായത്തോടെ യാതൊരു പരിക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ്പ് ലോഡർ വാഷിംഗ് മെഷീനിൽ കുട്ടി കുടുങ്ങിയെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാദൗത്യം പത്തരയോടെയാണ് പൂർത്തിയാക്കിയത്. യാതൊരു പരിക്കുമേൽക്കാതെ കുട്ടിയെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് ഫയർഫോഴ്സ് സംഘം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam