പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനം കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കും: ആരോഗ്യ മന്ത്രി

Published : Jan 27, 2019, 12:17 AM IST
പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനം കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കും: ആരോഗ്യ മന്ത്രി

Synopsis

വളര്‍ന്നു വരുന്ന തലമുറയെ ബോധവല്‍കരണം നടത്തി സമൂഹത്തില്‍ മാതൃകാപരമായ ബോധവല്‍കരണം നടത്താന്‍ വേണ്ടിയാണ് വിബ്ജിയോര്‍ ക്യാമ്പസ് ഹെല്‍ത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയിലൂടെ വിദ്യാര്‍ഥികളിലെ ശാരീരികക്ഷമത, വ്യായാമം, യോഗ, എന്നിവ പ്രോത്സാഹിപ്പിക്കാനും പരിശീലനം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: അപകടത്തില്‍പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ, എമര്‍ജന്‍സി ട്രോമ കെയര്‍ തുടങ്ങിയ പരിശീലനങ്ങള്‍ നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളിലൂടെ തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഭക്ഷണക്രമവും വ്യായാമ ശീലവും അഭ്യസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പും ദേശിയ ആരോഗ്യ ദൗത്യവും സംയുക്തമായി ആവിഷ്‌കരിക്കുന്ന വിബ്ജിയോര്‍ ക്യാമ്പസ് ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വളര്‍ന്നു വരുന്ന തലമുറയെ ബോധവല്‍കരണം നടത്തി സമൂഹത്തില്‍ മാതൃകാപരമായ ബോധവല്‍കരണം നടത്താന്‍ വേണ്ടിയാണ് വിബ്ജിയോര്‍ ക്യാമ്പസ് ഹെല്‍ത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയിലൂടെ വിദ്യാര്‍ഥികളിലെ ശാരീരികക്ഷമത, വ്യായാമം, യോഗ, എന്നിവ പ്രോത്സാഹിപ്പിക്കാനും പരിശീലനം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. യുവതലമുറ അടിമപ്പെട്ട് പോകുന്ന മദ്യപാനം, പുകയില, മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുകയും ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കിക്കൊടുത്ത് ആരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ച കാര്യവും മന്ത്രി ചടങ്ങില്‍ അറിയിച്ചു. 

പദ്ധതിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പ്രഥമ ഹെല്‍ത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു. കൂടാതെ അടുത്ത വര്‍ഷം ഹെല്‍ത്ത് പ്രീമിയര്‍ ലീഗിന് വേദിയാകുന്ന തൃശൂര്‍ ജില്ലയ്ക്ക് കളിയുടെ പതാക മന്ത്രി കൈമാറി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി അരുണ്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഷൈജുഖാന്‍, അനന്ദപദ്മനാഭന്‍, എന്‍.സി.ഡി. സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൂര്‍ണമെന്റില്‍ വിജയികളായ തിരുവനന്തപുരം ജില്ലയ്ക്ക് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാജു കപ്പ് കൈമാറി. പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

14 ജില്ലകളില്‍ നിന്നുള്ള ആരോഗ്യകേരളം ടീമുകളും ആരോഗ്യകേരളം സ്‌റ്റേറ്റ് ടീമും തിരുവനന്തപുരം പ്രസ് ക്ലബ് ടീമും അടക്കം 16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ ടീമിലും 6 വിദ്യാര്‍ഥികളും 5 ആരോഗ്യവകുപ്പ് ജീവനകാരുമാണ് കളിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും