കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം തുടങ്ങി

By Web TeamFirst Published Jul 30, 2019, 7:59 AM IST
Highlights

എക്സിക്യൂട്ടീവ് വിഭാഗത്തിലെയും എക്സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആ‍ർഎൽ ജീവനക്കാരെ ഉൾപ്പെടുത്തിയാണ് ഇടത് ആഭിമുഖ്യമുള്ള സംഘടന രൂപീകരിച്ചിട്ടുള്ളത്. 

കൊച്ചി: കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു.

കൊച്ചി മെട്രോ യാത്ര ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് രാജ്യത്തെ മറ്റ് മെട്രോ യൂണിയനുകളുടെ ചുവട് പിടിച്ച് ജീവനക്കാരുടെ സംഘടന പ്രവർത്തനം തുടങ്ങിയത്. എക്സിക്യൂട്ടീവ് വിഭാഗത്തിലെയും എക്സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആ‍ർഎൽ ജീവനക്കാരെ ഉൾപ്പെടുത്തിയാണ് ഇടത് ആഭിമുഖ്യമുള്ള സംഘടന രൂപീകരിച്ചിട്ടുള്ളത്. 

അസിസ്റ്റന്‍റ് മാനേജർ മുതൽ മുകളിലേക്കുള്ള എക്സിക്യൂട്ടീവ് വിഭാഗത്തിൽ നൂറ്റിയെഴുപത് പേരാണ് കൊച്ചി മെട്രോയിലുള്ളത്. ഈ വിഭാഗത്തിൽ നിന്നും കുറച്ച് പേർ മാത്രമേ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളൂ. അതേസമയം 400 ജീവനക്കാരുള്ള നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിൽ നിന്ന് 250 ലേറെ പേർ യൂണിയനിൽ ചേർന്നു. യൂണിയനെന്നാൽ കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻ പിള്ള യൂണിയന്‍റെ ലോഗോ പ്രകാശനം ചെയ്തു. സ്റ്റേഷൻ കണ്‍ട്രോളർ ജെ ജയലാലാണ് യൂണിയൻ പ്രസിഡന്റ്. സ്റ്റേഷൻ എഞ്ചിനീയർ എം എം സിബിയാണ് സെക്രട്ടറി. യൂണിയൻ വരുന്നതോടെ ഹർത്താൽ ദിവസങ്ങളിൽ മെട്രോ പ്രവർത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നേതാക്കൾ പറഞ്ഞു.

click me!