
പാലക്കാട്: പാലക്കാട്-ഗൂഡല്ലൂർ റൂട്ടിൽ ആദ്യത്തെ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഒടുവിൽ യാഥാർത്ഥ്യമായിരിക്കുന്നത്.
പുതിയ സർവീസ് മണ്ണാർക്കാട്-വഴിക്കടവ്-നിലമ്പൂർ വഴിയാണ് ഗൂഡല്ലൂരിലേക്ക് എത്തുന്നത്. ദിവസവും രാവിലെ 7.45ന് പാലക്കാട് ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കും. ഉച്ചയ്ക്ക് 12.20നാണ് ഗൂഡല്ലൂരിൽ എത്തുക. തിരിച്ച് ഉച്ചയ്ക്ക് 1.30ന് ഗൂഡല്ലൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 6.05ന് പാലക്കാട് ഡിപ്പോയിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.
പാലക്കാട് നിന്ന് ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച് ഗതാഗത മന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സർവീസിന് അനുമതി ലഭിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പുതിയ സംസ്ഥാനാന്തര സർവീസുകൾ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പരിപാടിയിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ, യൂണിയൻ ഭാരവാഹികളായ സന്തോഷ് കുമാർ, രവി കണ്ണാടി എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam