കൊയിലാണ്ടി ഹാർബറിന്റെ ഉദ്ഘാടനം; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

By Web TeamFirst Published Sep 9, 2019, 4:05 PM IST
Highlights

വലയുടെ തകരാര്‍ പരിഹരിക്കാനോ തോണി കരയ്ക്കടുപ്പിക്കാനൊ ഉള്ള സൗകര്യം പോലും ഹാർബറിൽ ഒരുക്കിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 

കൊയിലാണ്ടി: നിർമ്മാണം പൂർത്തിയാക്കും മുമ്പേ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധം. 

കൊയിലാണ്ടിയിൽ ഹാർബർ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയിട്ട് വർഷം പതിമൂന്ന് കഴിഞ്ഞു. 63 കോടിയിലധികം തുക ചെലവിട്ടാണ് ഹാർബർ നിർമ്മിച്ചത്. എന്നാൽ, തുറമുഖത്തിന്‍റെ നാലിലൊന്ന് പ്രവൃത്തികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പണി ഏറെ ബാക്കിയാണെങ്കിലും ഉദ്ഘാടനം ഈ മാസം ഇരുപത്തിനാലിന് മുഖ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കാനാണ് തുറമുഖ വകുപ്പിന്‍റെ തീരുമാനം. 

വലയുടെ തകരാര്‍ പരിഹരിക്കാനോ തോണി കരയ്ക്കടുപ്പിക്കാനൊ ഉള്ള സൗകര്യം പോലും ഹാർബറിൽ ഒരുക്കിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബോട്ടുകൾക്കുളള ഡീസൽ പമ്പും മണ്ണെണ്ണ നിറയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. ട്രഞ്ചിങ് പൂർത്തിയായിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ കൂട്ടിച്ചേർത്തു.

അതേസമയം, ഉദ്ഘാടനം കഴിഞ്ഞാലും പണി തുടരാമല്ലോ എന്നാണ് കൊയിലാണ്ടി എംഎൽഎ കെ ദാസന്‍റെ വിശദീകരണം. മത്സ്യത്തൊഴിലാളികളുടെ പരാതികളെക്കുറിച്ച് പഠിക്കാൻ കളക്ടർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

click me!