
പൊന്നാനി: 'ആറാം ദിനം കന്നപ്പോൾ, ഒന്നുറപ്പിച്ചു ജീവിത മാർഗം നൽകുന്ന കടലിൽ തന്നെയാകും തങ്ങളുടെ മരണമെന്ന്... കണ്ണടച്ചാല്‍ ഉറ്റവരുടെയും ഉടയവരുടെയും മുഖങ്ങൾ മാത്രം. ഓരോ മിനിട്ടും മണിക്കൂറുകളുടെ ദൈർഘ്യമായി തോന്നുമ്പോഴാണ് രാവിലെ പത്ത് മണിയോടെ ദൂരെ നിന്നും ഒരു ബോട്ട് വരുന്നത് കണ്ട് ആവുന്നത്ര ഒച്ചത്തിൽ അലറി വിളിച്ചു. ആ ബോട്ടിലെ തൊഴിലാളികൾ എത്തിയത് കൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടിയത്' ആറ് ദിനരാത്രങ്ങൾ പുറം ലോകവുമായി ബന്ധമില്ലാതെ ആഴത്തിരമാലകളുടെ ഓളങ്ങളിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവം തീക്ഷ്ണതയോടെയാണ് പൊന്നാനി സ്വദേശികളായ മുജീബും സുൽഫിക്കറും ഹംസയും ഓർത്തെടുത്തത്.
കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഫൈബർ വള്ളത്തിൽ കടലിലേക്കിറങ്ങുമ്പോൾ മൂവരുമറിഞ്ഞിരുന്നില്ല, തങ്ങൾ സഞ്ചരിക്കുന്ന കനൽപാതയുടെ ദൂരമത്രയും. കഴിഞ്ഞ ദിവസമാണ് മത്സ്യബന്ധനത്തിന് ഇവർ പുറപ്പെട്ടത്. ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതോടെ കടലിൽ കുടുങ്ങുകയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാതെയായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടയിൽ മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ഇവരെ വ്യാഴാഴ്ച രാവിലെ കൊച്ചി മുനമ്പത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെ പൊന്നാനിയിൽ എത്തിക്കുകയായിരുന്നു.
ഇവരുടെ വാക്കുകളിലേക്ക്: ' കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. മൂന്നു ദിവസത്തേക്കുള്ള ഇന്ധനവും ഭക്ഷണവും കരുതിയാണ് യാത്ര തുടങ്ങിയത്. പൊന്നാനിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കാറ്റിൽ ഫൈബർ വള്ളത്തിന്റെ നിയന്ത്രണം നഷ്ടമായത്. രാത്രി പത്ത് മണിയോടെ കാറ്റിൽ വള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകിത്തുടങ്ങി. കാറ്റ് ശമിക്കുമെന്ന് കരുതിയെങ്കിലും രാപകൽ പിന്നിട്ടതോടെ കാറ്റിന്റെ തീവ്രതയേറി വന്നു. ദിശതെറ്റി വള്ളം ആഴക്കടലിലേക്ക് പോകുന്നതറിഞ്ഞത് ഇന്ധനം തീർന്നതോടെയാണ്. അപ്പോഴും, ആരെങ്കിലും രക്ഷക്കെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. ഒരുപാട് ബോട്ടുകളും കപ്പലും കടലിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നു.
പക്ഷെ ആരെയും കണ്ടില്ല. ഞായറാഴ്ചയും തിങ്കളാഴ്ചയും കഴിഞ്ഞതോടെ പ്രതീക്ഷകൾ ഓരോന്നായി അവസാനിച്ചു ഞായറാഴ്ച രാത്രിയിൽ വലിയ ശബ്ദം കേട്ടതോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അടുത്തേക്ക് കപ്പൽ ഇരച്ചു വന്നതാണ്. ഉടൻ തന്നെ ടോർച്ചടിച്ചതോടെ കപ്പൽ തിരിച്ചതോടെ ശ്വാസം നേരം വീണു. ക്രിസ്മസ് സമയമായതിനാൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരാരും കടലിലില്ലെന്ന ഓർമ വന്നതോടെ മരണ മുന്നിലെത്തി എന്ന ഭീതി വർധിച്ചു.
പല ബോട്ടുകളും ദൂരെ ദിക്കുകളിൽ കണ്ടെങ്കിലും ആരും തങ്ങളെ കണ്ടില്ല. അതിനിടയിൽ കരുതിവച്ച ഭക്ഷണങ്ങൾ കഴിഞ്ഞതും കടൽ വെള്ളം കോരികുടിച്ചു. ഉടൻ ചർദ്ദിക്കുകയും ചെയ്തു. അത് കാരണം കൂടുതൽ ക്ഷീണിതരായി. രാത്രിയിൽ രണ്ട് പേർ ഉറങ്ങുമ്പോൾ ഒരാള്‍ കാവലിരിക്കും. അങ്ങനെയാണ് ഓരോ ദിനങ്ങളും തള്ളി നീക്കിയത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ അഴീക്കലിലെ നൈമ എന്ന ബോട്ട് ദൈവദൂതനെപ്പോലെയാണ് അരികിലെത്തിയതെന്ന് പറയുമ്പോൾ ഇവരുടെ മുഖത്ത് ഭീതിയുടെ നിഴൽ തെന്നിമാറി കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ടന്നും ഇവർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam