
തൃശൂർ: കടൽ കയറുന്നതിനെ ചെറുക്കാൻ മണൽച്ചാക്ക് കൊണ്ട് കടൽ ഭിത്തിയൊരുക്കി തൃശൂർ എറിയാടിലെ മത്സ്യത്തൊഴിലാളികൾ. കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി നടപ്പിലാകാത്തതോടെയാണ് മത്സ്യത്തൊഴിലാളികൾ കൂട്ടായ്മയിലൂടെ താൽക്കാലിക കടൽഭിത്തി നിർമ്മിച്ചത്. 500 മീറ്ററിലാണ് കടൽഭിത്തി.
എറിയാട് തീരത്ത് കടൽഭിത്തി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഴക്കാലത്ത് വീടുകൾ നശിക്കുന്നതും സർവ്വതും കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാംപുകളിലേക്ക് പോകുന്നതും ഇവിടുത്തുകാർക്ക് പതിവാണ്. ഇത്തവണയും ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകാത്തതിനാലാണ് കൂട്ടായ്മയിലൂടെ സുരക്ഷയൊരുക്കാനുള്ള ശ്രമം തുടങ്ങിയത്.
ഇതിനായി രാഷ്ട്രീയ ഭേദമില്ലാതെ തീരദേശ സംരക്ഷണ സമിതി രൂപീകരിച്ചു. പ്രദേശത്തെ യുവാക്കൾ മുൻകയ്യെടുത്ത് താൽക്കാലിക ഭിത്തി നിർമ്മാണം തുടങ്ങി. മൂവായിരത്തിലേറെ ചാക്കുകളിലാണ് മണൽ നിറച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അറപ്പ, മണപ്പാട്ടുച്ചാൽ, പേ ബസാർ എന്നിവിടങ്ങളിൽ കടൽ കയറിയിരുന്നു. നിരവധി കുടുംബങ്ങൾ ഇപ്പോഴും ക്യാംപുകളിലാണ്. ഇതൊരു താൽക്കാലിക പരിഹാരം മാത്രമാണെന്നും നിരന്തര പരിഹാരത്തിന് അധികൃതർ കണ്ണു തുറക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam