
കോഴിക്കോട്: അനധികൃതമായി 'ലൈറ്റ് ഫിഷിംഗ്' നടത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ട് പിടികൂടി പിഴ ചുമത്തി ഉദ്യോഗസ്ഥര്‍. 'ജെബം' എന്ന പേരിലുള്ള ബോട്ടാണ് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ വച്ച് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. നിയമവിരുദ്ധമായി അമിത പ്രസരണ ശേഷിയുള്ള വെളിച്ച സംവിധാനമുപയോഗിച്ചതിനാണ് നടപടി.
ഒരു തവണ കടലില്‍ പോയി മത്സ്യബന്ധനം നടത്തിയ ശേഷം ഹാര്‍ബറില്‍ തിരിച്ചെത്തി, വീണ്ടും പോകാനായി ഐസ് നിറയ്ക്കുന്നതിനിടയിലാണ് അധികൃതര്‍ പരിശോധനക്കെത്തിയത്. 200 വാട്ട് ശേഷിയുള്ള ഏഴും 240 വാട്ട് ശേഷിയുള്ള അഞ്ചും എല്‍ഇഡി ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും ബോട്ടില്‍ നിന്ന് പിടിച്ചെടുത്തു. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ നീരോടി സ്വദേശി ആന്‍ഡ്രസ് ജോണിന്റെ പേരിലുള്ള ബോട്ടിന് 1,50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ശ്രീരാജ്, റസ്‌ക്യൂ ഗാര്‍ഡ് വിഘ്‌നേശ്, താജുദ്ദീന്‍, വിശ്വജിത്ത് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസവും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു ബോട്ടിനെതിരേ സമാന കുറ്റം ചെയ്തതിന് അധികൃതര്‍ നടപടിയെടുത്തിരുന്നു.