മാന്നാറിൽ വിഷം കലക്കി മീൻ പിടിത്തം; ഉദ്യോഗസ്ഥരെ കണ്ട് വള്ളം മറിച്ച് രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

By Web TeamFirst Published Jan 3, 2021, 9:39 PM IST
Highlights

മാന്നാർ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ രാത്രിയിൽ നടത്തിയ പട്രോളിങിൽ വിഷം കലർത്തി മീൻ പിടിച്ച ആളെ പിടികൂടി.

മാന്നാർ:  മാന്നാർ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ രാത്രിയിൽ നടത്തിയ പട്രോളിങിൽ വിഷം കലർത്തി മീൻ പിടിച്ച ആളെ പിടികൂടി. ചമ്പക്കുളം ചേരാവള്ളി ടോമി ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11.45ന് ആറുകളിൽ നടത്തിയ രാത്രികാല പട്രോളിങിലാണ് ഇയാൾ പിടിയിലായത്. ചമ്പക്കുളം പള്ളിക്ക് സമീപം വിഷം കലക്കി മത്സ്യബന്ധനം നടത്തുന്നതിനിടയിൽ ഫിഷറീസ് പട്രോളിങ് സംഘം ബോട്ടിൽ എത്തിയപ്പോൾ വള്ളം ആറ്റിൽ മുക്കി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.  

മത്സ്യത്തൊഴിലാളി അല്ലാത്ത ഇയാളെ പറ്റി വ്യാപകമായ പരാതികൾ നാട്ടുകാരുടെയും തദ്ദേശീയ മത്സ്യത്തൊഴിലാളി കളുടെയും ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. ഇയാൾ 'കരിമീൻ എലിപ്പെട്ടി' പോലുള്ള നശീകരണ മത്സ്യബന്ധന മാർഗ്ഗങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടുകൊണ്ടിരുന്ന വ്യക്തിയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.

നാട്ടുകാരെയും പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നതിനാൽ അവർ ഇയാൾക്കെതിരെ പരാതി നൽകാനും മടിച്ചിരുന്നു. ഇയാൾ വള്ളം മുക്കിയ പ്രദേശത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ മത്സ്യങ്ങൾ മയങ്ങി വീഴാനും ചത്ത് പോങ്ങാനും തുടങ്ങി. ഈ വ്യക്തിക്ക് എതിരെ കേരള ഉൾനാടൻ ഫിഷറീസ് ആക്റ്റ് 2010 പ്രകാരം വിഷ വസ്തുക്കൾ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയതിനും, രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ മത്സ്യബന്ധനം നടത്തിയതിനും, പൊതുജലാശയം മലിനമാക്കി യതിനും നടപടി സ്വീകരിക്കും. 

ഇതോടൊപ്പം തോട്ടപ്പള്ളി പ്രദേശത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളും വലകളും ഉപയോഗിച്ച് ആറുകളിലും കായലുകളിലും അനധികൃത മത്സ്യബന്ധനം നടത്താൻ എത്തുന്നവർക്ക് എതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പട്രോളിങ് ശക്തമാക്കുമെന്നും ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

click me!