
മലപ്പുറം: കുറ്റിപ്പുറം തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് തങ്ങൾപടി യിൽ പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. അടിമാലത്തൂർ സ്വദേശി മുത്തപ്പൻ ലോറൻസ് (26) വിളപ്പിൽ ശാല സ്വദേശികളായ താജുദ്ദീൻ (42) സുൽഫി ഖാൻ (45)നവാസുദീൻ (43) പാലചുവട് സ്വദേശി ബഷീർ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തന്ത്രപരാമായാണ് പ്രതികൾ പണം തട്ടാറുള്ളത്. ഇവരുടെ സംഘവുമായി ബന്ധപ്പെട്ട ഒരാൾ വിദേശത്തുണ്ട്. ഇയാൾ ഗൾഫിലെ ഹവാല ഏജന്റിനെ സമീപിച്ച് 25,000 രൂപ നൽകി ഇത് 'തങ്ങൾ പടിയിൽ ഹമീദ്' എന്നയാൾക്ക് കൊടുക്കണം എന്ന് ശട്ടം കെട്ടും. ഹമീദിന്റേതെന്ന് പറഞ്ഞ് ഇയാൾ നൽകിയ നമ്പർ തിരുവനന്തപുരത്തുള്ള ഈ സംഘാംഗത്തിന്റേതായിരിക്കും. ഗൾഫിൽ ഈ പണം നൽകുന്നതിന് തൊട്ട് മുമ്പ് ഇവർ വളാഞ്ചേരി ഭാഗത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. സംസാര ശൈലിയിൽ സംശയം തോന്നാതിരിക്കാൻ ഹമീദ് എന്ന പേരിൽ ഫോണെടുത്ത് സംസാരിക്കാനാണ് ഇന്നാട്ടുകാരായ ബഷീറിനെ ഉൾപ്പെടുത്തിയത്.
ഇവിടത്തെ ഹവാല വിതരണക്കാരൻ പണം നൽകാനായി ഹമീദിനെ വിളിക്കുമ്പോൾ ബഷീർ ഫോണെടുത്ത് വിതരണക്കാരനോട് കെൽട്രോണിനുള്ളിലെ ആളൊഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് വരാനാവശ്യപ്പെട്ടു. സ്‌കൂട്ടറിൽ ഇവിടെയെത്തിയ വിതരണക്കാരനെ പണം നൽകുന്ന സമയത്ത് ഒരു കാറിലെത്തിയ സംഘം പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിതരണക്കാരന്റെ കയ്യിലുള്ള പണം തട്ടിയെടുത്ത് കണ്ടനകം ആനക്കര റോഡിൽ ഇറക്കിവിട്ടു. വിതരണക്കാരൻ വന്ന സ്‌കൂട്ടറിലെ പണമെടുത്ത ശേഷം ബഷീറും മറ്റൊരാളും തവനൂർ റോഡ് ജംഗഷനിൽ അതുപേക്ഷിച്ചു കടന്നു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസിൽ ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ മുങ്ങി നടക്കുകയായിരുന്നു.
പെരിന്തൽമണ്ണയ്ക്കടുത്ത് താമസിക്കുന്ന ബഷീർ നിരവധി മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്. ഇവർ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാരായ നിഷിൽ, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സി പി ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam