
ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ മാസ്ക്, സനിറ്റൈസർ, കുപ്പി വെള്ളം എന്നിവയോടൊപ്പം നിത്യോപയോഗ സാധനങ്ങൾക്കും അവസരം ഉപയോഗിച്ച് അമിത വില ഈടാക്കിയ വ്യാപാരികൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു.
കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് ആലപ്പുഴ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ നിന്നും 5 കേസുകൾ എടുക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ആലപ്പുഴ മാവേലിക്കര എന്നിവിടങ്ങളിൽ മാസ്ക് വില കൂട്ടി വിറ്റതിന് 15,000 രൂപയും ഈടാക്കി. മാസ്ക്കിന് വില കൂട്ടി വിറ്റതിന് ക്യഷ്ണപുരം കാപ്പിലുള്ള സൂപ്പർ മാർക്കറ്റിനെതിരെ നടപടി ആരഭിച്ചു.
പരമാവധി വില്പ്പന വില 1600രൂപ രേഖപ്പെടുത്തിയിരിക്കുന്ന മാസ്ക് പാക്കറ്റ് ഉല്പ്പാദകൻ തന്നെ വിതരണക്കാരന് വിറ്റത് 6000രൂപയ്ക്കും ഇയാൾ മെഡിക്കൽ സ്റ്റോറിന് നല്കിയത് 9000 രൂപയ്ക്കും മെഡിക്കൽ സ്റ്റോർ റീട്ടെയിൽ വില്ല്പ്പന നടത്തിയത് 16000 രൂപയ്ക്കും ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെ നിയമ നടപടികൾ ആരംഭിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റ് വില ഉയർത്തി വിറ്റതിന് ആലപ്പുഴയിലും ചേർത്തലയിലും 2 കേസുകൾ കണ്ടെത്തി 10, 000 രൂപ പിഴ ഈടാക്കി. എന്നാൽ പലയിടങ്ങളിലും ആരും നിർബന്ധിക്കാതെ തന്നെ കുപ്പി വെള്ളം 10 രൂപയ്ക്ക് വില്ക്കുന്നതും പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam