കാലവര്‍ഷ കെടുതിയില്‍ ഇടുക്കിയില്‍ രണ്ട് ദിവസങ്ങളിലായി മരിച്ചത് അഞ്ച് പേര്‍

Published : Jul 06, 2022, 08:59 AM IST
കാലവര്‍ഷ കെടുതിയില്‍ ഇടുക്കിയില്‍ രണ്ട് ദിവസങ്ങളിലായി മരിച്ചത് അഞ്ച് പേര്‍

Synopsis

പൂപ്പാറ തോണ്ടിമല സ്വദേശി ലക്ഷ്മി മരത്തിന്റെ അടിയില്‍പെടുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഏഴ് പേരാണ് തോട്ടത്തില്‍ ജോലിയ്ക്കുണ്ടായിരുന്നത്.

ഇടുക്കി : കനത്ത കാറ്റിലും മഴയിലും മരം വീണ് മൂന്ന് പേര്‍ മരിച്ചു. ഏലത്തോട്ടങ്ങളില്‍ പണി ചെയ്യുന്നതിനിടയിലാണ് മൂന്ന് സ്ഥലങ്ങളിലായി കടപുഴകി വീണ മരത്തിന്റെ അടിയില്‍പെട്ട് മൂന്ന് പേര്‍ ദാരുണമായി മരിച്ചത്. സംസ്ഥാന പാതയില്‍ വിവിധയിടങ്ങളില്‍ മരം വീണ് ഗതാഗത തടസ്സത്തിന് കാരണമായി. പൂപ്പാറ തോണ്ടിമല സ്വദേശി ലക്ഷമി പാണ്ടി (62), നെടുങ്കണ്ടം പൊന്നാംകാണയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളി സോമു ലക്കറ (60), ഉടുമ്പന്‍ചോല മൈലാടുംപാറ മുത്തുലക്ഷമി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിയതോടെയാണ് അപകടം ഉണ്ടായത്. 

പൂപ്പാറ തോണ്ടിമല സ്വദേശി ലക്ഷ്മി മരത്തിന്റെ അടിയില്‍പെടുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഏഴ് പേരാണ് തോട്ടത്തില്‍ ജോലിയ്ക്കുണ്ടായിരുന്നത്. മൂന്ന് തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു. സെല്‍വി, മീന, ദര്‍ശിനി എന്നിവര്‍ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു. ഇവരെ വിദഗ്ധചികിത്സക്കായി തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ അടിയന്തിര സഹായമായി 10,000 രൂപ ലക്ഷമിയുടെ വീട്ടുകാര്‍ക്ക് എത്തിച്ചതായി പൂപ്പാറ വില്ലേജ് ഓഫീസര്‍ അറിയിച്ചു.  

പൊന്നാങ്കാണിയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ മരം വീണാണ് ഝാര്‍ഖണ്ഡ് സ്വദേശി സൊമാ ലക്ര(60) മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ ബജ്ജു കിന്‍ഡോയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയിലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കാരിയായ മുത്തുലക്ഷ്മി(46) ആണ് മരിച്ചത്. 

ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മുത്തുലക്ഷ്മി മരിച്ചിരുന്നു. മൃതദേഹങ്ങള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  പേത്തൊട്ടി, ശാന്തന്‍പാറ, സേനാപതി മേഖലകളില്‍ മരം വീണ്, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് എസ്റ്റേറ്റ് തൊഴിലാളി പുഷ്പയും ആനച്ചാല്‍ മുതുവാകുടിയില്‍ മണ്ണിടിഞ്ഞ് വീണ് നിര്‍മ്മണ തൊഴിലാളിയായ കുഴിയാലില്‍ പൗലോസും മരിച്ചിരുന്നു. 

അടിമാലി ദേവിയാര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ 22കാരനെ മൂന്നാം ദിവസവും കണ്ടെത്താനായിട്ടില്ല.  ഉടുമ്പന്‍ചോലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരചില്ലയിറക്കുവാന്‍ കയറിയ ചിന്നമന്നൂര്‍ സ്വദേശി ചന്നകറുപ്പന്‍ മരത്തില്‍ നിന്ന് വീണ് തിങ്കളാഴ്ച മരിച്ചിരുന്നു.  ജില്ലയിലെ വിവിധ അണകെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേയ്ക്ക് അടുത്തതോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. വരും ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍, ജില്ലയിലെ ചെറുകിട അണക്കെട്ടുകള്‍ തുറക്കേണ്ട സാഹര്യം ഉണ്ടാവും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു