
മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ച് പേർക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് മെയ് 21 ന് സ്വകാര്യ വാഹനത്തിൽ വീട്ടിൽ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി 33 കാരൻ, ഇദ്ദേഹത്തിന്റെ മാതാവ് 60 കാരി, മെയ് 14ന് സ്വകാര്യ ബസിൽ മുംബൈയിൽ നിന്ന് വീട്ടിലെത്തിയ മുന്നിയൂർ ആലുങ്ങൽ വെളിമുക്ക് സ്വദേശി 50 കാരൻ, ദില്ലിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ യാത്ര തിരിച്ച് മെയ് 20 ന് വീട്ടിലെത്തിയ മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി 24 കാരൻ, മെയ് 20 ന് ദുബായിൽ നിന്ന് വീട്ടിലെത്തിയ പൊന്നാനി പുളിക്കൽകടവ് സ്വദേശി 25 കാരൻ എന്നിവർക്കാണ് രോഗബാധ.
ഇവർ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി. 49 പേർ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിനിയും മറ്റൊരാൾ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 47 പേരാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ ഒരു രോഗബാധിതൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.