
ആലുവ: ആലുവയിൽ അഞ്ച് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രക്ഷിതാക്കൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഇന്നലെ മുതൽ താമസത്തിന് വന്ന അസം സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോകുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ കുട്ടിയുമായി യുവാവ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗ്യാരേജ് സ്റ്റോപ്പിൽ നിന്നും തൃശൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി പോയതായും പൊലീസിന് സൂചന ലഭിച്ചു.