
തിരുവനന്തപുരം: ഓണമടുത്തപ്പോൾ പതിവുപോലെ യാത്രാനിരക്ക് കുത്തനെ കൂടിയതോടെ ആഘോഷം ദില്ലിയിൽ തന്നെ ഒതുക്കാനുള്ള ആലോചനയിലാണ് ദില്ലി മലയാളികൾ. വിമാനടിക്കറ്റ് വില ഇതിനോടകം ഇരട്ടിയിലധികമായി, ട്രെയിന് ടിക്കറ്റുകൾ മാസങ്ങൾക്കുമുന്പേ തീരുകയും ചെയ്തു. സർക്കാർ ഇടപെടലില് മാത്രമാണ് ഇനി പ്രതീക്ഷ. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ഓണത്തിന് നാട്ടിൽ പോകാൻ കഴിയാതെ പ്രതിസന്ധിയിലാണ് ദില്ലി മലയാളികൾ. ദില്ലിയിൽ നിന്ന് കേരളത്തിലേക്കുളള വിമാന ടിക്കറ്റ് നോക്കിയാൽ കണ്ണുത്തളളും.
\ഉത്സവകാലമായതിനാൽ ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല. പലർക്കും ഓണം ദില്ലിയിൽ തന്നെ ആഘോഷിക്കേണ്ട സാഹചര്യമാണ്. സാധാരണയായി ദില്ലിയിൽ നിന്നും കോഴിക്കോട്ടേക്ക് വിമാന ടിക്കറ്റ് നിരക്ക് 4500 രൂപയാണ്. എന്നാൽ ഇപ്പോൾ അത് 8000-10000 വരെയായി ഉയർന്നിരിക്കുന്നു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇതിലും കൂടിയ നിരക്ക്. ട്രെയിൻ ടിക്കറ്റ് 2000-3000ത്തിനും ഇടയിൽ. അതാണെങ്കിൽ മാസങ്ങൾക്കു മുൻപേ തീർന്ന അവസ്ഥയാണ്.
കൂടിയ നിരക്കിൽ ഈ ഓണക്കാലത്ത് നാട്ടിലേക്ക് പോകുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് ദില്ലി മലയാളികൾ പറയുന്നു. എല്ലാ ഉത്സവക്കാലത്തും ഇത് തന്നെയാണ് അവസ്ഥ. വിമാനകമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടലാണ് ദില്ലി മലയാളികളുടെ ആവശ്യം. വിമാന കമ്പനികളുടെ തീവെട്ടി കൊള്ളയും, ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യത കുറവും കാരണം ഈ പ്രാവശ്യവും നാട്ടിലെ ഓണാഘോഷം ദില്ലി മലയാളികൾക്ക് സ്വപ്നമാണ്. ആഘോഷകാലത്തെ ഈ തീവെട്ടി കൊള്ളക്കെതിരെ ഇനിയെങ്കിലും അധികൃതർ അനങ്ങിതുടങ്ങുമെന്ന പ്രതീക്ഷ ഇനിയും ഇവർക്ക് ബാക്കിയാണ്.
Read More... ബസ് ടിക്കറ്റ് 3500 കടന്നു; ഓണത്തിന് നാട്ടിലെത്താന്‍ ബംഗളൂരു മലയാളികള്‍ ഇത്തവണയും നെട്ടോട്ടമോടും
ബെംഗളൂരുവില്‍ നിന്ന് ഓണത്തിന് നാട്ടിലെത്തേണ്ടവർക്കും വൻ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ബസ് ബുക്കിംഗ് വെബ്‌സൈറ്റുകളില്‍ ഇപ്പോഴേ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബസിന് ടിക്കറ്റൊന്നിന് വില മൂവായിരത്തിയഞ്ഞൂറ് കടന്നു. അഞ്ചു പേരുള്ള കുടുംബത്തിന് ബസില്‍ നാട്ടിലേക്ക് പോകാന്‍ ഓണക്കാലത്ത് പതിനേഴായിരത്തിലധികം രൂപ വേണ്ടി വരുമെന്ന് കേള്‍ക്കുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം മനസിലാവുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam