പുതുപ്പള്ളി സ്വദേശി നന്ദുകുമാറും (23) വാരിശ്ശേരി സ്വദേശി ആസിയ (20) യുമാണ് മരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് രണ്ടും പേരും ജീവനൊടുക്കിയതെന്ന് പൊലീസ്.
കോട്ടയം: കോട്ടയം നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് മൃതദേഹവും പോസ്റ്റ്‍മോർട്ടം ചെയ്യും. പുതുപ്പള്ളി സ്വദേശി നന്ദുകുമാറും (23) വാരിശ്ശേരി സ്വദേശി ആസിയ (20) യുമാണ് മരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് രണ്ടും പേരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ ചെക്ക്ഔട്ട് സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ആസിയയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. വിവാഹത്തിന് വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് ആത്മഹത്യക്കുറിപ്പിലുള്ളത്. ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല, ഞങ്ങൾ ഒരുമിച്ചു പോകുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. മുൻപ് ഒരു തവണ രണ്ട് പേരും ഒന്നിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. അന്ന് ബന്ധുക്കൾ ഇടപെട്ട് രണ്ട് പേരെയും തിരിച്ചു കൊണ്ട് വരികയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

