ചാരുംമൂട് വീടുകള്‍ വെള്ളത്തിലായി; മൂവായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപില്‍

By Web TeamFirst Published Aug 18, 2018, 11:45 PM IST
Highlights

മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിലായതോടെ മുവായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. വെള്ളം കയറാത്ത പ്രദേശങ്ങളില്‍ നിരവധി കിണറുകള്‍ ഇടിഞ്ഞുതാണു. അച്ചന്‍കോവിലാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ കഴിഞ്ഞ ദിവസവും നിരവധി വീടുകളില്‍ വെള്ളം കയറി.

ചാരുംമൂട്: മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിലായതോടെ മുവായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. വെള്ളം കയറാത്ത പ്രദേശങ്ങളില്‍ നിരവധി കിണറുകള്‍ ഇടിഞ്ഞുതാണു. അച്ചന്‍കോവിലാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ കഴിഞ്ഞ ദിവസവും നിരവധി വീടുകളില്‍ വെള്ളം കയറി. നൂറനാട് ഇടപ്പോണ്‍ ആറ്റുവപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസവും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായത്. തുടര്‍ന്ന് പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ എട്ടോളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 

നൂറനാട് ഇടപ്പോണ്‍ സ്‌ക്കൂളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് നൂറനാട് പടനിലം സ്‌കൂളിലേക്ക് മാറ്റി. നൂറനാട് പഞ്ചായത്തില്‍ എട്ട് ക്യാമ്പുകളിലായി ആയിരത്തോളം പേരാണ് കഴിയുന്നത്. ചുനക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം നൂറോളം വീടുകളില്‍ വെള്ളം കയറി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അറുന്നൂറോളം പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അച്ചന്‍കോവിലാറ്റില്‍ നിന്നുള്ള വെള്ളമാണ് ഈ പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തിയത്. 

താമരക്കുളം പഞ്ചായത്തില്‍ രണ്ടു് ക്യാമ്പുകളിലായി 250 പേരെ പ്രവേശിപ്പിച്ചു. ഇടപ്പോണ്‍ ആറ്റുവപ്രദേശത്തെ ആരാധനാലയങ്ങളടക്കം വെള്ളത്തിനടിയിലായി. പാലമേല്‍ പഞ്ചായത്തില്‍ കുടശ്ശനാടിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇവിടെ പാലമേല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 258 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. ഇതില്‍ 25 പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.മഴക്കെടുതിക്കിടയിലും കിണറുകള്‍ ഇടിഞ്ഞുതാഴുന്നതും ജനങ്ങളില്‍ ഭീതി പരത്തി. വെട്ടിക്കോട് ചൈതന്യയില്‍ തോമസിന്റെയും, നൂറനാട് മാമൂട് തറയില്‍ കിഴക്കതില്‍ വിജയന്‍ പിള്ള, പാലമേല്‍ പണയില്‍ മുളമൂട്ടില്‍ കിഴക്കതില്‍ മുരളി എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞുതാണത്.

click me!