
ആലപ്പുഴ: പ്രളയം ഇരച്ചിരമ്പിയെത്തി കവര്‍ന്നെടുത്തത് പാവുക്കരയുടെ മുഴുവന്‍ സമ്പാദ്യവും. ഗൃഹോപകരണങ്ങളായ ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, ഫര്‍ണിച്ചറുകള്‍, ഇരുചക്ര, നാലുവാഹനങ്ങള്‍ അങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കത്തില്‍ ഒഴുക്കു കാരണം നിരവധി വീടുകള്‍ക്കാണ് ബലക്ഷയം സംഭവിച്ചത്. തറയടക്കം താഴ്ന്ന് ചരിയുകയും ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്ത വീടുകള്‍ നിരവധിയാണ്.
പല വെള്ളപ്പൊക്കത്തിനും വീട്ടില്‍ നിന്നും മാറി താമസിച്ചിട്ടുള്ള പാവുക്കര നിവാസികള്‍ക്ക് ഇത്രകണ്ടു നാശം വിതച്ച പ്രളയം ഇതാദ്യമായിട്ടാണ്. ഒരുനില പൊക്കത്തില്‍ വെള്ളം ഉയര്‍ന്നൊഴുകിയതോടെ പാവുക്കര വൈദ്യന്‍കോളനി, ഇടത്തെയില്‍ കോളനി, വാലേല്‍ തുടങ്ങി പാവുക്കരയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. റേഷന്‍ കാര്‍ഡ്, ഭൂമിയുടെ ആധാരം, ആധാര്‍ കാര്‍ഡ്, ബാങ്കിന്റെ പാസ് ബുക്ക്, എടിഎം കുട്ടികളുടെ പാഠപുസ്തകങ്ങളക്കം എല്ലാം നഷ്ടപ്പെട്ടതിന്റെ കഥകളാണ് നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ വരുന്നവരെ ധരിപ്പിക്കാനായുള്ളത്.
മാന്നാര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാവുക്കര വള്ളിവേലില്‍ വീട്ടില്‍ ഗോപാലകൃഷ്ണ (58) ന്റെ വീട് നിര്‍മ്മാണം നടന്നു വരികയാണ് വെള്ളപ്പൊക്കം ഉണ്ടായത്. വീടിന്റെ പുറകുവശം താഴ്ന്ന് ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചു. അടുക്കളയുടെ മേല്‍ക്കൂര തകര്‍ന്നു. ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് വിള്ളല്‍ വീണത് കണ്ടത്. പാവുക്കര കോവുമ്പുറത്ത് കോളനിയില്‍ ചന്ദ്രന്റെ (45) വീട്ടില്‍ വളര്‍ത്തിയ 48 കോഴികളും 20 താറാവുകളും പ്രളയത്തില്‍ നഷ്ടപ്പെട്ടു. വീടുകള്‍ താമസയോഗ്യമാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട അവസ്ഥയുള്ളവരുമുണ്ട്. കിണറുകള്‍ ശുചിയാക്കാന്‍ കഴിയാത്തതിനാല്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്.
പലയിടങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വീടിന്റെയും കിണറുകളുടെയും ശുചീകരണം നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. കിണറുകളില്‍ ചെളി നിറഞ്ഞത് മൂലം ശുചീകരണത്തിന് താമസം നേരിടുന്നുണ്ട്. വെള്ളമിറങ്ങിയതോടെ വീടുകളിലേക്ക് തിരിച്ചെത്തിയവര്‍ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. വീടെന്നു പറയാന്‍ ഒന്നുമില്ല. എല്ലാം നഷ്ടപ്പെട്ടു. മുറ്റത്ത് വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്. മക്കളുടെ പാഠപുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു. ടിവിയും മറ്റു സാധനങ്ങളെല്ലാം നശിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അസ്ഥയിലാണ് പാവുക്കര നിവാസികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam