പ്രളയദുരിതാശ്വാസത്തെ ചൊല്ലി തര്‍ക്കം; ആശാവര്‍ക്കര്‍ക്കും യുവാവിനും വെട്ടേറ്റു

By Web TeamFirst Published Dec 27, 2018, 9:20 PM IST
Highlights

റീ ബിൽഡ് കേരളയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരമാണ് ആലാ ഗ്രാമപഞ്ചായത്തിലെ അപേക്ഷകരുടെ കണക്കെടുക്കാന്‍ തുടങ്ങിയത്. ഇതിനായി ആലാ ഗ്രാമപഞ്ചായത്തിലെ എൽ എസ് ജി ഡി ഓവർസിയർ ധന്യയും ജയകുമാരിയും ഇന്നലെ രാവിലെ മുതല്‍ ഒൻപതാം വാർഡില്‍ കണക്കെടുപ്പ് നടത്തുകയായിരുന്നു.  

ചെങ്ങന്നൂർ: പ്രളയദുരാതാശ്വാസം കിട്ടിയില്ലെന്നാരോപിച്ച് യുവാവും ആശാവര്‍ക്കറും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഇരുവര്‍ക്കും വെട്ടേറ്റു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആശാവർക്കറും, ബി എൽ ഒയുമായ ജയകുമാരി( 52 ), ഭവന നിർമ്മാണ അപേക്ഷകയുടെ മകൻ കല്ലിശ്ശേരി പാറേപ്പുരയിൽ വിനീഷ് (45) നുമാണ് വെട്ടേറ്റത്. ജയകുമാരി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും വിനീഷ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്.

റീ ബിൽഡ് കേരളയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരമാണ് ആലാ ഗ്രാമപഞ്ചായത്തിലെ അപേക്ഷകരുടെ കണക്കെടുക്കാന്‍ തുടങ്ങിയത്. ഇതിനായി ആലാ ഗ്രാമപഞ്ചായത്തിലെ എൽ എസ് ജി ഡി ഓവർസിയർ ധന്യയും ജയകുമാരിയും ഇന്നലെ രാവിലെ മുതല്‍ ഒൻപതാം വാർഡില്‍ കണക്കെടുപ്പ് നടത്തുകയായിരുന്നു.  

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഇന്നലെ രാവിലെ 11 മണിയോടാണ് സംഭവം. ഓവർസിയറും ആശാ വർക്കറും ഒമ്പതാം വര്‍ഡിലെ പാറേപ്പുരയിലെത്തുമ്പോൾ വിനീഷ് മദ്യലഹരിയിലായിരുന്നു. വീട്ടിൽ വെള്ളം കയറിയതിന് സർക്കാരിൽ നിന്നുള്ള 10,000 രൂപയുടെ ധനസഹായം കിട്ടിയില്ലെന്നാരോപിച്ച് ഇയാള്‍ ഇരുവരെയും അസഭ്യം പറയുകയായിരുന്നു. 

എന്നാൽ വിനീഷിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. വാക്കുതര്‍ക്കത്തിനിടെ ഇയാള്‍ വെട്ടുകത്തിയുമായി ഇരുവർക്കും നേരെ പാഞ്ഞടുക്കുകയും ഇരുവരെയും ഉപദ്രവിക്കുകയുമായിരുന്നു. ധന്യയുടെ കയ്യിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ബലമായി പിടിച്ചു വാങ്ങി ഇയാള്‍ തല്ലിപ്പൊട്ടിച്ചു.

ഇതിനു ശേഷം, സമീപത്തുള്ള ജയകുമാരിയുടെ വീട്ടിൽ വെട്ടുകത്തിയുമായി എത്തിയ വിനീഷ് അവരുടെ പുതിയ സ്കൂട്ടര്‍ വെട്ടി തകർത്തു. ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. ഇതിനിടെ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിനും,  വിനീഷിന്റെ മുഖത്തും തലക്കും വെട്ടേൽക്കുകയുമായിരുന്നു. ജയകുമാരി മാത്രമാണ് ഈ വീട്ടിൽ താമസം ഭർത്താവ് വിദേശത്താണ്.

click me!