പ്രളയാനന്തര സഹായം; സ്വകാര്യ ബസുകള്‍ നടത്തിയ കാരുണ്യയാത്രാ ഫണ്ട് ശേഖരണം വിവാദത്തില്‍

By Web TeamFirst Published Nov 4, 2018, 11:35 PM IST
Highlights

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാൻ ബസുകൾ നടത്തിയ കാരുണ്യയാത്രാ ഫണ്ട് ശേഖരണം വിവാദത്തിൽ. വിവിധ ബസുടമ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി നടത്തിയ കാരുണ്യയാത്രയിലൂടെ  ലക്ഷങ്ങളാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെത്രയെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അറിയിച്ച് ഉടമകൾ തന്നെയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. 

തൃശൂർ: പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാൻ ബസുകൾ നടത്തിയ കാരുണ്യയാത്രാ ഫണ്ട് ശേഖരണം വിവാദത്തിൽ. വിവിധ ബസുടമ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി നടത്തിയ കാരുണ്യയാത്രയിലൂടെ  ലക്ഷങ്ങളാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെത്രയെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അറിയിച്ച് ഉടമകൾ തന്നെയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. 

ബസുടമകൾ എത്ര തുക നൽകിയെന്നത് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും, ഗതാഗതമന്ത്രി, ധനമന്ത്രി എന്നിവരെ സമീപിക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം ബസുടമകൾ. ആഗസ്റ്റ് 30, 31, സെപ്തംബർ ഒന്ന്, മൂന്ന് തിയതികളിലായിട്ടായിരുന്നു സംസ്ഥാനത്ത് വിവിധ ബസുടമാ സംഘടനകളുടെ കാരുണ്യയാത്ര. 

ഫെയർസ്റ്റേജ് അനുസരിച്ചുള്ള ടിക്കറ്റ് യാത്രയല്ലെന്നും, കേരളത്തിന് കൈത്താങ്ങാവാനുള്ള യാത്രയുമായതിനാൽ കുറഞ്ഞ നിരക്കിലും യാത്ര ചെയ്യേണ്ടവർ നൽകിയത് 50 രൂപയും, 100 രൂപയുമാണ്. ടിക്കറ്റ് നൽകാതെയുള്ള യാത്രയിൽ പലരും നൽകുന്ന തുകക്കുള്ള രസീത് ഇല്ലാത്തതിൽ നേരിയ വിയോജിപ്പ് അറിയിച്ചുവെങ്കിലും നന്മയുള്ള പ്രവൃത്തിയായി കണക്കാക്കി ബസുടമകളെയും, തൊഴിലാളികളെയുമെല്ലാം അഭിനന്ദിച്ചായിരുന്നു പണം നൽകിയിരുന്നത്. 

എന്നാൽ ലഭിച്ച തുക പരസ്യപ്പെടുത്തിയില്ലെന്നും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ബസുടമകൾ തന്നെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ 3.11 കോടി നൽകിയെന്ന് പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ മറ്റു സംഘടനകൾ യാത്ര നടത്തി പിരിച്ചെടുത്തതും നൽകിയതും പരസ്യപ്പെടുത്തിയിട്ടില്ല. 

ബസുടമകളുടെ സമൂഹമാധ്യമ കൂട്ടായ്മയിൽ തന്നെയാണ് സംഭവത്തിൽ അന്വേഷണാവശ്യ ചർച്ചയും ഉയർന്നത്. കഴിഞ്ഞ ദിവസം മന്ത്രി ശശീന്ദ്രൻ ബസുടമകളുമായി ചർച്ച നടത്തുമെന്ന്  ബസുടമ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഒരു സംഘടനാ ഭാരവാഹി തങ്ങളുമായി മന്ത്രി ചർച്ച നടത്തുമെന്ന് അറിയിച്ചുവെന്ന് മാധ്യമങ്ങളെ അറിയിച്ചത് തർക്കത്തിനിടയാക്കിയതിന് പിന്നാലെയാണ് കാരുണ്യ യാത്രാ ഫണ്ട് പിരിവിനെ കുറിച്ചുള്ള അന്വേഷണാവശ്യവും ഉയർന്നിരിക്കുന്നത്.
 

click me!