എന്‍റെ അച്ഛന്‍റെ ആത്മഹത്യക്ക് പിന്നില്‍ ആര്? ഒരു മകളുടെ വികാരനിര്‍ഭരമായ കുറിപ്പ്

By Web TeamFirst Published Nov 4, 2018, 9:05 PM IST
Highlights

ഒരു ഭാഗത്ത് തന്‍റെ അച്ഛൻ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ലഭിച്ച പുരസ്കാരത്തിന്‍റെയും ചിത്രങ്ങളും മറുഭാഗത്ത് തൂക്കുകയറിന്‍റെയും ചിത്രവും ചേർത്താണ് മകൾ സ്വാതിയുടെ ഷാജിയുടെ കുറിപ്പ്

തൃശൂർ: ‘സ്നേഹമാണച്ഛൻ, സ്നേഹ സാഗരമാണച്ഛൻ... ആ സ്നേഹം നിഷേധിച്ചവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ, ഞങ്ങളുടെ ദുഖാഗ്നിയിൽ അവർ വെന്തുരുകാതിരിക്കട്ടെ...  അച്ഛൻ നഷ്ടപ്പെട്ട മകളുടെ ഈ വാക്കുകൾ വായിക്കുന്നവരുടെ മനസിനെ തുളച്ച് കയറുകയാണ്. തന്‍റെ അച്ഛനെ അകലാത്തില്‍ നഷ്ടപ്പെട്ട ഒരു മകളുടെ വേദന നിറയുന്ന ഈ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

ഒരു ഭാഗത്ത് തന്‍റെ അച്ഛൻ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ലഭിച്ച പുരസ്കാരത്തിന്‍റെയും മറുഭാഗത്ത് തൂക്കുകയറിന്‍റെയും ചിത്രങ്ങള്‍ ചേർത്താണ് മകൾ സ്വാതിയുടെ ഷാജിയുടെ കുറിപ്പ്. ഒക്ടോബര്‍ 25നാണ് മുല്ലശേരി സ്വദേശിയും പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ഷാജിയെ മുള്ളൂർക്കര കായലിന് തീരത്തെ മരകൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ ഷീബയുടെ പരാതിയിൽ മരണത്തെ കുറിച്ച് പാവറട്ടി പൊലീസ് അന്വേഷണം തുടരുന്നുണ്ട്. അതേസമയം, 'പിതാവിന് മരണത്തിന്‍റെ വാതിൽ തുറന്നുകൊടുത്തതാര്' എന്നതാണ് കുറിപ്പിലൂടെ സ്വാതി ചോദിക്കുന്നത്. മലപ്പുറം കാളിക്കാവ് പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം ഷാജിക്ക് ലഭിച്ചിരുന്നു.

എന്നാല്‍, പ‌ാവറട്ടി പഞ്ചായത്തിൽ സെക്രട്ടറിയായപ്പോൾ ലഭിച്ചത് തൂക്കുകയർ. 'എസ്എസ്ഒയോ ഡിഡിപിയോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും മറ്റ് ഭരണസമിതി അംഗങ്ങളുമാണോ മരണത്തിനു പിന്നിൽ?'- എന്ന ചോദ്യത്തോടെയാണ് സ്വാതി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

പാവറട്ടി പഞ്ചായത്ത് ഭരണപക്ഷവും സെക്രട്ടറിയും തമ്മിലുള്ള തർക്കങ്ങളും മാനസിക സമ്മർദ്ദങ്ങളുമാണ് ഷാജിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. അവധി തീർന്നെത്തിയ ഷാജിയെ ജോലിയിൽ പ്രവേശിക്കാന്‍ യുഡിഎഫ് ഭരണസമിതി അനുവദിച്ചിരുന്നില്ല. ശുദ്ധജല വിതരണം നടത്തിയ ബിൽ പാസാക്കുന്നതിനെ ചൊല്ലി ഭരണസമിതി യോഗത്തിൽ ബഹളമുണ്ടായി.

മൂന്ന് മാസം മുമ്പാണ് തർക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കിയ സംഭവം അരങ്ങേറിയത്. ഇതേ തുടർന്നാണ് ഷാജി അവധിയിൽ പ്രവേശിച്ചത്. പിറകെ, ഭരണസമിതി എടുത്ത തീരുമാനം ചട്ടം ലംഘിച്ച് റദ്ദാക്കിയെന്നാരോപിച്ച് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്ത് അധികൃതർക്ക് ഭരണപക്ഷം നൽകി.

ഇതിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശാനുസരണം സീനിയർ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തിൽ അസിസ്റ്റന്‍റ് സെക്രട്ടറി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. അവധി സമയത്ത് സെക്രട്ടറിയുടെ ശമ്പളം ഷാജിക്ക് നൽകിയിരുന്നുമില്ല.

ഇതോടെ ഷാജിയും കുടുംബവും സാമ്പത്തികമായി തകർന്നു. കഴിഞ്ഞ മാസം 16ന് അവധി തീർന്ന് ഷാജി ഓഫീസിലെത്തി. രജിസ്റ്ററിൽ ഒപ്പുവച്ചെങ്കിലും ചുമതലയേൽക്കാൻ ഭരണപക്ഷം അനുവദിച്ചില്ല. ഓഫീസിൽ നിന്ന് തിരിച്ചയച്ചത് മുതൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഷാജി.

പഞ്ചായത്ത് സെക്രട്ടറിയുടെ ആത്മഹത്യയോടെ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വിശദീകരണ പൊതുയോഗത്തിൽ നിന്ന് ഐ ഗ്രൂപ്പും ഭരണസമിതിയിലെ ഒരു വിഭാഗവും വിട്ടുനിന്നതോടെ പ്രതിസന്ധി കൂടി.

 

click me!