
ആറ്റിങ്ങല്‍: ആറ്റിങ്ങൽ ഇളന്പ സര്‍ക്കാര്‍ സ്കൂളിലെ എൻഎസ്എസ്, എസ്‍പിസി ക്യാന്പിൽ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. ആറ്റിങ്ങൽ ഗവണ്മെന്‍റ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും വയറുവേദനയുമായി വിദ്യാര്‍ത്ഥിനികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ക്യാന്പിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. 133 വിദ്യാര്‍ത്ഥിനികളും അധ്യാപകരുമാണ് ക്യാന്പിലുണ്ടായിരുന്നത്. ഇതിൽ പതിമൂന്നുപേര്‍ക്ക് മാത്രം എങ്ങനെ ഭക്ഷ്യവിഷബാധയേറ്റൂ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഭക്ഷണ സാന്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ക്യാമ്പിൽ പങ്കെടുത്ത 11 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചെങ്കിലും സ്ഥിരീകരിച്ചില്ല. കുട്ടികൾ തളർന്നു വീണത് നിര്‍ജ്ജലീകരണം മൂലമാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. വിവിധ ജില്ലകളിലുള്ള അറുന്നൂറോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത്.
മട്ടാഞ്ചേരി മുണ്ടംവേലിയില്‍ നവംബര്‍ അവസാനവാരം മാമോദീസ ചടങ്ങിനിടെ കേടായ ബീഫ് ബിരിയാണി വിളമ്പിയതിന് കേറ്ററിങ്ങ് ഉടമയ്ക്കെതിരെ കേസ് എടുത്തിരുന്നു. ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചെറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനേ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
മട്ടാഞ്ചേരി സ്വദേശി ഹാരിസിനായിരുന്നു കേറ്ററിങ് നല്‍കിയിരുന്നത്. ഏതാണ്ട് നൂറ്റിമുപ്പത് പേര്‍ക്കുള്ള ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ചടങ്ങിന് ആളുകളെത്തി തുടങ്ങിയപ്പോള്‍ കേറ്ററിങ്ങുകാര്‍ കൊണ്ട് വച്ച ചെമ്പ് തുറന്നപ്പോള്‍ തന്നെ അസ്വാഭാവികമായ മണം പരന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam