
തൃശൂര്‍: ചാലക്കുടി ഗവ. ഈസ്റ്റ് ഗേള്‍സ് സ്‌കൂള്‍ കോമ്പൗണ്ടിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. എസ്.സി., എസ്.ടി. വിഭാഗങ്ങളിലെ കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് 18 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതില്‍ അഞ്ചുപേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് അന്വേഷിക്കാനോ പരിശോധിക്കാനോ നഗരസഭ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ജില്‍ ആന്റണി ആരോപിച്ചു. ഭക്ഷ്യവിഷബാധയേറ്റ 18 പേരില്‍ അഞ്ചുപേരെ മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ബാക്കിയുള്ളവരെ ഹോസ്റ്റല്‍ അധികൃതര്‍ സ്വയം ചികിത്സ നടത്തുകയാണ്. മറ്റ് വിദ്യാര്‍ഥികള്‍ക്കും ആശുപത്രി ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടു.
സംഭവം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരൊന്നും സ്ഥലത്തെത്തുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ആരോപണമുയര്‍ന്നു. രണ്ടാഴ്ച മുമ്പ് ബിവറേജിന് സമീപത്തെ കടയില്‍ പുഴുവരിക്കുന്ന ചിക്കന്‍ കറി വിളമ്പിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് പരാതി നല്കിയിട്ടും തുടര്‍ അന്വേഷണം ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നഗരസഭാ ആരോഗ്യ വിഭാഗം നിര്‍ജീവമായെന്നും നഗരസഭ ചെയര്‍പേഴ്‌സന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാകുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാവ് കുറ്റപ്പെടുത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ വി.ജെ. ജോജി, നിധിന്‍ പുല്ലന്‍, ഡി.വൈ.എഫ്.ഐ. നേതാക്കളായ അശ്വതി പ്രിന്‍സ്, സാംസന്‍ ആന്റണി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam