
കൊല്ലം: കഞ്ചാവ് കടത്ത് കേസിൽ പ്രതിയായി പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ വീണ്ടും എംഡിഎംഎയും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ ആണ് കൊല്ലം എക്സൈസ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.18 ഗ്രാം എം ഡി എം എയും 21 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
കേരള പോലീസിൽ ഡ്രൈവറായി ജോലി ചെയ്തു വരവെയാണ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ ബക്കർ പ്രതിയാകുന്നത്. കേസിനെ തുടർന്ന് ഇയാളെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും വിവിധ ഇടങ്ങളിൽ ഒളിവിൽ താമസിച്ച് ബക്കർ ലഹരിമരുന്ന് കച്ചവടം തുടർന്നുപോരുകയായിരുന്നു.
സ്വന്തം നാട് കേന്ദ്രീകരിച്ച് വീണ്ടും ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എക്സൈസ് സ്ക്വാഡ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. റൈഡിൽ ലഹരിവസ്തുക്കൾ കണ്ടെടുത്തതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam