
തിരുവനന്തപുരം: പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് - പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ വിപുലമായ പരിശോധനകള്‍ നടത്തി. സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 2861 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 343 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.
306 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 743 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കേക്ക്, വൈന്‍, മറ്റുള്ള ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കി. കേക്ക്, കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കള്‍ ആല്‍ക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശര്‍ക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി.
കൂടാതെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അജി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
Read More :
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam