
തൃശൂർ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചും സ്പെഷൽ പെർമിറ്റ് ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ കർണാടക സംസ്ഥാനത്തിലെ രണ്ട് ബോട്ടുകൾക്ക് 21,60,450 രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ്. കേരള തീരത്ത് അന്യ സംസ്ഥാന മത്സ്യബന്ധന യാനങ്ങൾക്ക് 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്താൻ വേണ്ട സ്പെഷ്യൽ പെർമിറ്റ് ഇല്ലാതെയാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച മൂന്ന് പെലാജിക് വലകളും 16 സെന്റീമീറ്ററിൽ താഴെ വലിപ്പമുളള 5,000 കിലോ അരണ മത്സ്യങ്ങളും രണ്ട് ബോട്ടുകളിൽ നിന്നായി പിടിച്ചെടുത്തു. ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. മംഗലാപുരം സ്വദേശികളായ മുഹമ്മദ് ഇഫ്ത്തിക്ക, റിസാന മുഹമ്മദ് ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് പിടിച്ചെടുത്തത്.
ബോട്ടുകൾക്ക് പതിനഞ്ച് ലക്ഷം രൂപ പിഴ ഈടാക്കുകയും ബോട്ടുകളിലെ ഉപയോഗയോഗ്യമായ മത്സ്യങ്ങൾ പരസ്യ ലേലം ചെയ്ത് കിട്ടിയ 6,60,450 രൂപ ട്രഷറിയിൽ അടക്കുകയും ചെയ്തു. ആകെ 21,60,450 രൂപയാണ് ഇരു ബോട്ടുകളിൽ നിന്നും പിഴയിനത്തിൽ ഈടാക്കിയത്. 1980ൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക പിഴയിനത്തിൽ ഫിഷറീസ് വകുപ്പ് ഇടാക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിച്ചത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ കെ പി ഗ്രേസി, ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ സി കെ മനോജ്, അസിസ്റ്റന്‍റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംന ഗോപൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, വി. എൻ പ്രശാന്ത്കുമാർ, മെക്കാനിക്ക്മാരായ പി എസ് കൃഷ്ണകുമാർ, ടി യു മനോജ്, സീ റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, സുധീഷ്, ഷിഹാബ്, വർഗ്ഗീസ് ജീഫിൻ, ശ്രേയസ് എന്നിവരാണ് പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്.