
തിരുവനന്തപുരം: പായ്ക്കപ്പലിൽ ലോകം ചുറ്റുന്നതിനിടെ കാലിന് പരിക്കേറ്റ് തമിഴ്‌നാട്ടിലെ കടലിൽ നങ്കൂരമിട്ട വിദേശ പൗരനെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. നെതർലെൻഡ് സ്വദേശി ക്യാപ്ടൻ ജെറിയോൺ എലോട്ടിനെയാണ്(48) വിഴിഞ്ഞത്ത് എത്തിച്ചത്. ഇയാൾക്ക് വൈദ്യസഹായം തേടാനും താൽക്കാലികമായി തങ്ങാനുമുള്ള അനുമതിയും മാരിടൈം ബോർഡ് അധികൃതർ നൽകി. കഴിഞ്ഞം വർഷം ടാൻസാനിയയിൽ നിന്ന് ഇന്ത്യോനേഷ്യ വഴിയായിരുന്നു ഡർ എന്നു പേരുള്ള തന്റെ പായ്ക്കപ്പലിൽ ലോകം ചുറ്റാനായി ജെറിയോൺ ഒറ്റയ്ക്ക് പുറപ്പെട്ടത്.
സഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യൻ കടലിലെത്തിയ ജെറിയോൺ ഇടതുകാലിനുണ്ടായ പരിക്ക് വഷളായതോടെ കന്യാകുമാരി ലക്ഷ്യമാക്കി യാത്ര ചെയ്തെങ്കിലും യാത്ര തുടരാനാകാതെ കഴിഞ്ഞ ദിവസം തേങ്ങാപ്പട്ടണം തുറമുഖത്തിനടുത്ത് പായ്കപ്പൽ നങ്കൂരമിടുകയായിരുന്നു. വിവരമറിഞ്ഞ സുരക്ഷാ ഏജൻസികൾ ഇവിടെയെത്തി രേഖകൾ പരിശോധിക്കുകയും പരിക്കിന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തിരുന്നു.
തുടർന്ന് കേരളാ മാരിടൈം അധികൃതരുടെ സഹായം തേടിയതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ ഇന്നലെ വിദേശപൗരനെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. തുറമുഖത്തെ സീവേർഡ് വാർഫിൽ അടുപ്പിച്ച പായ്ക്കപ്പലിലാണ് ജെറിയോൺ എലൗട്ട് തങ്ങുന്നത്. ഈ മാസം 28 വരെ തങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. സ്കൂബാ ഡൈവിംഗ് അടക്കം സൗജന്യമായി മുങ്ങൽ, നീന്തൽ തുടങ്ങിയ ജല അഭ്യാസങ്ങൾ പരിശീലിപ്പിക്കുന്ന ജെറിയോൺ എലോട്ട് ഫ്രീഡൈവിങ് കോച്ചസ് ഓഫ് എഷ്യ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സാരഥിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam