
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടമുണ്ടായതിന് പിന്നാലെ വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് തീരം വിട്ടു. മാസങ്ങളായി വിഴിഞ്ഞത്ത് തുടരുന്ന കപ്പൽ പുറപ്പെടുന്നതിന് മുന്നോടിയായി പലവ്യഞ്ജനങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് ഇന്നലെ രാത്രി 7.30നാണ് കൊളംബോയിലേക്ക് തിരിച്ചത്. കൊച്ചി മെർക്കന്‍റൈൽ മറൈൻ വകുപ്പാണ് കപ്പലിന് യാത്രാനുമതി നൽകി ഉത്തരവിറക്കിയത്. അപകടത്തിന് ശേഷം കപ്പലുടമകളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് യാത്രാനുമതി. ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ വിയറ്റ്നാം സ്വദേശികളായ 20 ക്രൂവാണ് കപ്പലിലുള്ളത്.
കന്യാകുമാരിക്കടുത്തുള്ള കടലിൽ മാർച്ച് 7ന് ഉണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ്(45), മകൻ ബാദൽ(23) എന്നിവരെ കടലിൽ കാണാതായിരുന്നു. തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ 9 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് പുറംകടലിൽ കോസ്റ്റ് ഗാർഡ് കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡിന്‍റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിനോട് ഡി.ജി. ഷിപ്പിങ് അധികൃതർ കപ്പൽ കസ്റ്റഡിയിലെടുത്തു നൽകാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അനഘ് എന്ന കപ്പൽ എംടി സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽനിന്നെത്തിയ ഡി.ജി. ഷിപ്പിങ്ങിന്‍റെ ചീഫ് സർവേയർ ഉൾപ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക സർവേ നടത്തി. കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കന്‍റൈൽ മറൈൻ വകുപ്പിന്‍റെ ഉത്തരവിലായിരുന്നു മാസങ്ങളായി കസ്റ്റഡിയിൽ തുടർന്നത്. വിദേശ കപ്പൽ എത്തിയപ്പോൾ വാടക ഇനത്തിൽ 30 ലക്ഷം രൂപയോളം വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam