വിതുരയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ്

By Web TeamFirst Published Nov 9, 2022, 12:46 PM IST
Highlights

വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച വൈകീട്ട് താവയ്ക്കലിലെ കോഴിഫാമിന് സമീപമാണ് ആദ്യം പുലിയെ കണ്ടത് എന്ന് നാട്ടുകാർ പറഞ്ഞു.  


തിരുവനന്തപുരം: പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞ വിതുരയിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. വിതുര താവയ്ക്കൽ മേഖലകളിൽ ആണ് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ആഴ്ചയിൽ രണ്ട് തവണ പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞത് അനുസരിച്ചാണ് വനം വകുപ്പ് ആർ ആർ ടീം, കല്ലാർ സെക്ഷൻ ഓഫീസ് എന്നിവരുടെ നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. ടാപ്പിങ് തൊഴിലാളികളിൽ ചിലരാണ് നാല് ദിവസം മുമ്പ് പുലിയോട് സാമ്യതയുള്ള മൃഗത്തെ കണ്ടത് എന്ന് പറയുന്നു. 

എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച വൈകീട്ട് താവയ്ക്കലിലെ കോഴിഫാമിന് സമീപമാണ് ആദ്യം പുലിയെ കണ്ടത് എന്ന് നാട്ടുകാർ പറഞ്ഞു.  തിങ്കളാഴ്ച രാവിലെ ഇതിന് സമീപത്തെ റബർ തോട്ടത്തിൽ വീണ്ടും പുലിയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചതോടെ വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന ശക്തമാക്കി. കാട്ടുപൂച്ചയോ കാട്ടുനായയോ ആണെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രദേശത്ത് കാലടയാളങ്ങൾ കണ്ടതിൽ നിന്ന് പുലിയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. പക്ഷേ പുലിയെയാണ് കണ്ടത് എന്നത് വനം വകുപ്പ് സ്ഥിതികരിച്ചിട്ടില്ല. 

ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം; കൈവിരല്‍ കടിച്ചെടുത്തു 

തിരുവനന്തപുരം: കല്ലറയിൽ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. റബർ ടാപ്പിങ് ജോലികൾക്കായി രാവിലെ 6 മണിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. റബർ തോട്ടത്തിന് സമീപം കുറ്റികാട്ടിൽ നിന്ന് പുറത്ത് ചാടിയ കാട്ടുപന്നി രവീന്ദ്രൻ നായരെ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ഇദ്ദേഹത്തിന്‍റെ ഇടത്തേ കൈ ഒടിയുകയും തള്ളവിരൽ കാട്ടുപന്നി കടിച്ചെടുകുകയും ചെയ്തു. രവീന്ദ്രൻ നായരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവീന്ദ്രൻ നായരെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുതല്‍ വായനയ്ക്ക്:  വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; മുദ്രപത്രത്തില്‍ കരാറെഴുതി വധു! 


 

click me!