കാട്ടുതീയിൽ കത്തിയമർന്ന് വനമേഖല; പുനർ സൃഷ്ടിക്കാൻ പുത്തൻ പദ്ധതിയുമായി വനം വകുപ്പ്

By Jansen MalikapuramFirst Published Mar 5, 2020, 12:14 PM IST
Highlights

മരതൈകള്‍ നടുന്നതിനൊപ്പം മൊട്ടക്കുന്നുകളില്‍ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്ന പുല്ലുകളും വച്ചുപിടിപ്പിക്കുന്നുണ്ട്.  ഇവ വളരെ പെട്ടന്ന് പടര്‍ന്നുപിടിച്ച് പച്ചപ്പായി മാറുമെന്നാണ് വനം വകുപ്പിന്റെ വാദം. 

ഇടുക്കി: കാട്ടുതീയില്‍ കത്തിയമര്‍ന്ന വനമേഖല പുനര്‍ സൃഷ്ടിക്കാന്‍ പദ്ധതിയുമായി വനം വകുപ്പ്. 2018ലുണ്ടായ കാട്ടുതീയില്‍ പൂര്‍ണ്ണമായി കത്തിനശിച്ച ആനമല ഷോലെ നാഷണല്‍ പാര്‍ക്കിലെ പഴത്തോട്ടം വനമേഖലയാണ് മരതൈകളും പുല്ലും നീലക്കുറുഞ്ഞിയും മറ്റും വച്ചുപിടിപ്പിച്ച് വനം വകുപ്പ് വനമാക്കി മാറ്റുന്നതിന് പദ്ധതി തയ്യറാക്കിയിരിക്കുന്നത്. 

ആദ്യ ഘട്ടമെന്ന നിലയില്‍ ആറ് ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 2018ലുണ്ടായ വന്‍ കാട്ടുതീയില്‍ ആനമല നാഷണല്‍ പാര്‍ക്കിലെ പഴത്തോട്ടത്തെ നൂറ്റിയണ്‍പത് ഹെക്ടറോളം വനമേഖലയിലെ മരങ്ങളടക്കം പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. പരിസ്ഥിതിക്കുതന്നെ പ്രതികൂലമായി ബാധിച്ച കാട്ടുതീയില്‍ നഷ്ടപ്പെട്ടുപോയ ജൈവ സമ്പത്ത് തിരിച്ചുപിടിക്കുന്നതതിന് വേണ്ടിയുള്ള വലിയ പരിശ്രമത്തിലാണ് വനംവകുപ്പ്. ഇതിന്റെ ഭാഗമായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമിയുടെ നേതൃത്വത്തില്‍ വനവല്‍ക്കരണ പദ്ധതിയുമായി രംഗത്തെത്തി. 

കത്തിനശിച്ച മുഴുവന്‍ പ്രദേശവും ഭാവിയില്‍ വനമാക്കി മാറ്റുകയാണ് ലക്ഷ്യം. മൊത്തം അറുപത് ഹെക്ടര്‍റോളം വരുന്ന വനപ്രദേശത്തെ 12 പ്ലോട്ടുകളാക്കി തിരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.  ഇതിനായി പ്രത്യേക ഇനത്തില്‍പ്പെട്ട മരതൈകളും കുറുഞ്ഞിച്ചെടികളും പച്ചപുല്ലുകളും വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ നട്ടുപരിപാലിക്കുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ആറ് ഹെക്ടറാണ് വനമാക്കി മാറ്റുന്നത്. കാട്ടാനയും, കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന ഇവിടെ മൃ​ഗങ്ങൾക്ക് ആവശ്യമായ തീറ്റയം നട്ടുപിടിപ്പിക്കുന്നുണ്ട്.  

മരതൈകള്‍ നടുന്നതിനൊപ്പം മൊട്ടക്കുന്നുകളില്‍ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്ന പുല്ലുകളും വച്ചുപിടിപ്പിക്കുന്നുണ്ട്.  ഇവ വളരെ പെട്ടന്ന് പടര്‍ന്നുപിടിച്ച് പച്ചപ്പായി മാറുമെന്നാണ് വനം വകുപ്പിന്റെ വാദം. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ മേഖല സ്വാഭാവ‌ിക വനമായി മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിനൊപ്പം കത്തി നശിച്ച മറ്റ് മേഖലയിലും സമാനമായ പ്രവര്‍ത്തനം തുടരുമെന്നും അധികൃതര്‍ പറഞ്ഞു.
 

click me!