ആദിവാസി കുടുംബത്തിന്റെ വീട്‌നിര്‍മാണത്തിനെതിരെ വനംവകുപ്പ്; ഒരു വര്‍ഷം പിന്നിട്ടിട്ടും കൈവശരേഖ കിട്ടിയില്ല

By Web TeamFirst Published Jul 19, 2021, 5:04 PM IST
Highlights

കൈവശവകാശ രേഖക്കായി ബോളി നല്‍കിയ അപേക്ഷയില്‍ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി രേഖ അനുവദിക്കാന്‍ കമ്മിറ്റി തീരുമാനമെടുത്തതാണ്. എന്നാല്‍ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ല തല കമ്മിറ്റി ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കാത്തതാണ് തടസ്സമെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.

കല്‍പ്പറ്റ: പതിറ്റാണ്ടുകളായി വന്യമൃഗങ്ങളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട നൂല്‍പ്പുഴ മറുകര കാട്ടുനായ്ക്ക കോളനിയിലെ ബോളിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാനുള്ള ആഗ്രഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഏറെക്കാലത്ത് കാത്തിരിപ്പിനൊടുവില്‍ രണ്ട് വര്‍ഷം മുമ്പാണ് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നൂല്‍പ്പുഴ പഞ്ചായത്ത് വീട് അനുവദിക്കുന്നത്. എന്നാല്‍ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചിരിക്കുകയാണിപ്പോള്‍. നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ് വനംവകുപ്പ്. 

കൈവശവകാശ രേഖക്കായി ബോളി നല്‍കിയ അപേക്ഷയില്‍ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി രേഖ അനുവദിക്കാന്‍ കമ്മിറ്റി തീരുമാനമെടുത്തതാണ്. എന്നാല്‍ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ല തല കമ്മിറ്റി ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കാത്തതാണ് തടസ്സമെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കൈവശവകാശ രേഖ ലഭിച്ചാല്‍ വീട് നിര്‍മാണം തുടരാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വനംവകുപ്പ് ആക്ഷേപമുന്നയിച്ചതോടെ രണ്ട് വര്‍ഷമായിട്ടും വീടിന്റെ പണി തീര്‍ക്കാനായിട്ടില്ലെന്ന് മുന്‍പഞ്ചായത്തംഗം ഫൈസല്‍ പറഞ്ഞു. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയായതിനാല്‍ വനംവകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിച്ചാല്‍ മാത്രമെ നിര്‍മാണത്തുക ലഭിക്കൂവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഊരുകൂട്ടവും പഞ്ചായത്തും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതാണ്. 

പഞ്ചായത്തില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും മുകളില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇപ്പോഴത്തെ വാര്‍ഡ് അംഗം പുഷ്പയും പറഞ്ഞു. കോളനിയിലേക്ക് അനുവദിച്ച മറ്റുവീടുകളുടെ നിര്‍മാണമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. നാല് പതിറ്റാണ്ടായി ബോളിയും കുടുംബവും ഈ കോളനിയിലാണ് താമസം. മറ്റു കുടുംബങ്ങള്‍ക്കെല്ലാം വീട് അനുവദിക്കുമ്പോഴും ബോളിയും ഭര്‍ത്താവ് ശങ്കുവും മകനും മരുമകളുമടങ്ങുന്ന കുടുംബം തീരെ ചെറിയ കൂരയില്‍ ജീവിതം തള്ളിനീക്കുകയായിരുന്നു. ബോളിയുടെ സ്ഥലത്തിന്റെ അതിരിനോട് ചാരി വനപ്രദേശം തുടങ്ങുന്നതിനാല്‍ വന്യമൃഗശല്യം രൂക്ഷമാണ്. ഒരിക്കല്‍ രാത്രി കാട്ടാനയെത്തി കുടില്‍ തകര്‍ത്തത് കോളനിവാസികള്‍ നടക്കുത്തോടെയാണ് ഓര്‍ത്തെടുത്തത്. തലനാരിഴക്കാണ് അന്ന് കുടുംബം രക്ഷപ്പെട്ടത്. 

കടുവയും രാത്രിയും പകലുമില്ലാതെ ജനവാസകേന്ദ്രങ്ങളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മുന്‍ വാര്‍ഡ് അംഗം നിരാക്ഷേപ പത്രം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബോളിക്ക് കൂടി വീട് അനുവദിച്ചത്. എന്നാലിപ്പോള്‍ ഉദ്യോഗസ്ഥര്‍ കുടുംബത്തിന്റെ ദുരിതം മാത്രം പരിഗണിക്കുന്നില്ലെന്നാണ് ഫൈസല്‍ പറയുന്നത്. നിലവില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയാലും രേഖകളില്ലാതെ വൈദ്യുതിയും മറ്റും ലഭിക്കുക പ്രയാസമായിരിക്കും. എങ്കിലും വനംവകുപ്പിന്റെ സമ്മതപത്രം കിട്ടാതെ തന്നെ പ്രവൃത്തിയുമായി മുന്നോട്ടുപോകാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. മേല്‍ക്കൂര വാര്‍ത്ത് കുടുംബത്തിന് സുരക്ഷിതമായി കഴിയാന്‍ സാഹചര്യമൊരുക്കുകയെന്നതാണ് ആലോചനയെന്ന് അധികൃതര്‍ പറഞ്ഞു. ഒരു നിര്‍ധന കുടുംബത്തിന് വീട് പണിതതിന്റെ പേരില്‍ വരുന്ന നിയമനടപടികള്‍ നേരിടാനാണ്  തീരുമാനം.

click me!