
കോഴിക്കോട്: മൂടാടി സ്വദേശി വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിന്‍റെയും മലമാനിന്‍റെയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിന്‍റെ ഭാഗങ്ങളും കണ്ടെത്തി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്ത് മൂടാടി ഹിൽ ബസാർ, ശിവപുരി വീട്ടിൽ ധനമഹേഷ് പി ടി (50) എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഇവ കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയത്.
വന്യ ജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. പ്രതി ധനമഹേഷ് പോക്സോ കേസിൽ നിലവിൽ റിമാൻഡില്‍ കഴിയുകയാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ എ, ബീറ്റ് ഫോറസ്റ്റ് ഒഫീസർമാരായ എ ആസിഫ്, സി മുഹമ്മദ് അസ്ലം, ശ്രീനാഥ് കെ വി, ഡ്രൈവർ ജിജീഷ് ടി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അതേസമയം, ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാന്‍ കൊമ്പുകളുമായി രണ്ട് പേര്‍ കഴിഞ്ഞ മാസം വണ്ടൂരില്‍ പിടിയിലായിരുന്നു. നിലമ്പൂർ രാമൻകുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി സ്വദേശി മലയിൽ ഹൗസിൽ ഉമ്മർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വി എം സി ഹൈസ്ക്കൂളിന് സമീപത്ത് വെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. മാൻ കൊമ്പ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam