
പാലക്കാട്: നെന്മാറ അകംപാടത്ത് ചട്ടങ്ങൾ മറികടന്ന് ക്വാറി ലൈസൻസ് അനുവദിച്ചതിനെതിരെ പഞ്ചായത്തിന് വനംവകുപ്പിന്‍റെ നോട്ടീസ്. പരിസ്ഥിതി ദുർബല പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകണമെന്ന് നെന്മാറ പഞ്ചായത്തിന് ഡിഎഫ്ഒ നിർദ്ദേശം നൽകി. എന്നാൽ, വനംവകുപ്പ് നിർദ്ദേശം അവഗണിച്ച് ഇവിടെ പാറപൊട്ടിക്കൽ തുടരുകയാണ്.
നെല്ലിയാമ്പതി വനമേഖലയോടടുത്ത പ്രദേശമാണ് അകംപാടം. പരിസ്ഥിതി ദുർബല പ്രദേശമായ ഇതിനടുത്താണ് കഴിഞ്ഞ മഴക്കാലത്ത് ഉരുൾപൊട്ടി പത്ത് പേർ മരിച്ചതും. പറമ്പിക്കുളം കടുവ സങ്കേതത്തിന്‍റെ പത്ത് കിലോമീറ്റർ ചുറ്റളവിനകത്ത് വരുന്ന സ്ഥലത്താണ് കുപ്പിവെളള കമ്പനി ലൈസൻസിന്‍റെ മറവിൽ വൻതോതിൽ പാറ പൊട്ടിക്കുന്നത്. ജലസംഭരണിയുടെ ആഴം കൂട്ടാൻ പാറ പൊട്ടിക്കണമെന്ന് മാത്രമാണ് സ്വകാര്യ സംരംഭകർ നൽകിയ അപേക്ഷയിലുളളത്.
വന്യജീവി സങ്കേതത്തിന് അടുത്ത് ക്വാറികൾ പാടില്ലെന്നിരിക്കെ, ഇത് കണ്ടില്ലെന്ന് നടിച്ചാണ് ജിയോളജി വകുപ്പ് അനുമതി നൽകിയതെന്നാണ് ആരോപണം. പാറപൊട്ടിക്കൽ സജീവമായതോടെ വീടൊഴിഞ്ഞ് പോകേണ്ട അവസ്ഥയിലാണെന്ന് പരിസരവാസികൾ പറയുന്നു. ക്വാറി അനുമതിക്കായി ജിയോളജി വകുപ്പ് കണ്ടെത്തിയെ ന്യായങ്ങൾ ബാലിശമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
ഇനിയും ക്വാറി പ്രവർത്തനം തുടർന്നാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും നെന്മാറ ഡിഎഫ്ഒ വ്യക്തമാക്കുന്നു. വസ്തുതകളൊന്നും പരിശോധിക്കാതെയും സ്ഥല പരിശോധന പോലും നടത്താതെയും നൽകിയ അനുമതി എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒ ജില്ല കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam