
കല്‍പ്പറ്റ: വയനാട്ടില്‍ പുഴയില്‍ അലക്കുന്നതിനിടെ യുവതിയെ ആക്രമിച്ചത് മുതലയാണോ ചീങ്കണ്ണിയാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് വനംവകുപ്പ്. തന്റെ സര്‍വീസ് കാലയളവില്‍ മുതല ആക്രമണം എന്നത് ആദ്യ സംഭവമാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ രമ്യരാഘവന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയോട് സംസാരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ടെന്നും അവരുടെ വിശദീകരണം കൂടി ലഭിച്ചാലേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയൂവെന്നും റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പനമരം പരക്കുനി പുഴയില്‍ വെച്ച് പരക്കുനി കോളനിയില സരിത (40) എന്ന യുവതിക്ക് നേരെ മുതലയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇടതു കൈക്ക് പരിക്കേറ്റ സരിത പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. സരിതയും സഹോദരിയും ഒരുമിച്ചാണ് പുഴയിലേക്ക് തുണി അലക്കാനായി എത്തിത്. അലക്കിയ തുണികള്‍ വെള്ളത്തില്‍ മുക്കിയെടുക്കുന്നതിനിടെ വെള്ളത്തിനടിയില്‍ നിന്നും മുതല ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും പെട്ടന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നുമാണ് സരിത പറയുന്നത്. ആക്രമിക്കുന്നതിനിടെ മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു. മുതലയുടെ മൂന്ന് പല്ലുകള്‍ കൈയ്യില്‍ ആഴ്ന്നിറങ്ങിതായും സരിത അറിയിച്ചു.
ആദ്യമായാണ് പനമരം പുഴയില്‍ മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതേ സമയം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി യുവതിയോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. പനമരം പുഴയില്‍ നിരവധി ഇടങ്ങളില്‍ മുതലകളെ കണ്ടതായി അവിടുത്തെ നാട്ടുകാര്‍ പറയുന്നുണ്ട്. ഇപ്പോള്‍ ആക്രമിക്കപ്പെട്ട സരിതയുടെ അയല്‍വാസികള്‍ അടക്കമുള്ളവര്‍ മുമ്പ് പലതവണ മുതലയെ കണ്ടതായി പറയുന്നു. പുഴയിലെ ആഴമുള്ള സ്ഥലത്തിനടുത്താണ് തുണി അലക്കാന്‍ ആളുകള്‍ എത്താറുള്ളതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
Read Also: 'പാട്ടുകൂട്ടം'ഏഴാമത് കലാഭവൻ മണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam