
സുല്‍ത്താന്‍ബത്തേരി: വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ആനയുടെ മുമ്പിലകപ്പെട്ട് ഭയന്നോടി കുഴിയില്‍ വീണ് ആദിവാസി മധ്യവയസ്‌കന് ഗുരുതരപരിക്ക്. യാത്രക്കിടെ വനത്തില്‍ ഒരു ഭാഗത്ത് കണ്ട തീ അണക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പുല്‍പ്പള്ളി പഞ്ചായത്തിലെ ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (48) ക്കാണ് വീഴ്ചയില്‍ കാലിന് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഭാര്യയും അയല്‍വാസികളുമൊന്നിച്ച് വിറകു ശേഖരിക്കാൻ പോവുകയായിരുന്നു മാസ്തി. വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ഉദയക്കര വനത്തില്‍ തീ ആളിപടരുന്നത് കണ്ട് അണക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സമീപത്ത് കാട്ടാനയുള്ളതായി മാസ്തിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഭാര്യ കാളിയും കോളനിയിലെ മറ്റു രണ്ട് സ്ത്രീകളും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവരെ ആന ആക്രമിച്ചില്ല. എല്ലിന് പൊട്ടലുള്ളതിനാല്‍ ഇദ്ദേഹത്തെ വിധഗ്ദ്ധ ചികിത്സക്കായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസ്തിയെ പ്രാഥമികശുശ്രൂഷക്ക് ശേഷമാണ് മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ ദിവസം സമീപ വനമേഖലയായ കട്ടക്കണ്ടിയിലും പശുവിന് വെള്ളം കൊടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന
ആക്രമിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam