
ഇടുക്കി: ഇടുക്കി തൊമ്മൻകുത്ത് നാരങ്ങാനത്ത് വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം. കാളിയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി. കെ മനോജിനെയാണ് പത്തനാപുരത്തേക്ക് സ്ഥലംമാറ്റിയത്. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന അവകാശവാദത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളി ഇടവക വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയത്. സംരക്ഷിത വനഭൂമിയിൽ കുരിശ് സ്ഥാപിച്ചെന്ന് ആരോപിച്ചാണ് വനംവകുപ്പ് പൊളിച്ചു മാറ്റിയത്. തുടർന്ന് ഇടവക വികാരിയുൾപ്പെടെയുള്ള ആളുകൾക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാലിത് വനഭൂമി അല്ലെന്നും കൈവശാവകാശഭൂമിയാണെന്നുമാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 18 പേർക്കെതിരെ വനംവകുപ്പ് കേസെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് നടപടിക്കെതിരെ കോൺഗ്രസും സിപിഎമ്മും പരസ്യമായി പ്രതിഷേധിച്ചിരുന്നു. തൊമ്മൻകുത്ത് ഇടവക വിശ്വാസികൾ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ച് സമരവും നടത്തിയിരുന്നു. ഇതിനിടെയാണ് റേയ്ഞ്ച് ഓഫീസറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. എന്നാൽ റേയ്ഞ്ച് ഓഫീസറുടെ സ്ഥലംമാറ്റ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam