ഇക്കഴിഞ്ഞ 7ന് രാത്രി 11 മണിയോടെയാണ് മൂന്നംഗ സംഘം പ്രജീഷിന്റെ വീടിന്റെ ജനലുകൾ അടിച്ച് തകർത്തും അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച രണ്ടാം പ്രതിയും അറസ്റ്റിൽ. ഞെക്കാട് വലിയവിള സ്വദേശി സതീഷ് ശ്രാവണിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികളെക്കൂടി പിടികൂടാനുള്ളതിനാൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഒറ്റൂർ മാവേലിക്കോണം കാർത്തികയിൽ പ്രജീഷിനാണ് (39) വെട്ടേറ്റത്. ഇരുകാലുകൾക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രജീഷ് ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ 7ന് രാത്രി 11 മണിയോടെയാണ് മൂന്നംഗ സംഘം പ്രജീഷിന്റെ വീടിന്റെ ജനലുകൾ അടിച്ച് തകർത്തും അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടർന്ന് അകത്തുകയറി കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ തുരുതുരാ വെട്ടുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് രക്തത്തിൽ കുളിച്ച പ്രജീഷിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുഖംമൂടി ധരിച്ചിരുന്ന അക്രമികൾ സംഭവശേഷം ഓടി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെയും ഇയാളെ ഒളിവിൽ പാർക്കാൻ സഹായിച്ച കൂട്ടാളിയെയും രണ്ടു ദിവസം മുമ്പ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു.
പിടിയിലായ രണ്ടാം പ്രതിയായ സതീഷ് ശ്രാവൺ ഒളിവിൽ കഴിയുന്ന വിവരം അറിഞ്ഞ് കിളിമാനൂരിൽ നടത്തിയ പരിശോധനയിൽ നിന്നും ഇയാളെ അതിസാഹസികമായി കല്ലമ്പലം പൊലീസ് പിടികൂടുകയായിരുന്നു. നിരവധി കേസുകളില് പ്രതിയായ സതീഷ് ശ്രാവൺ കഴിഞ്ഞ വർഷം തോക്കുമായി മെഡിക്കൽ കോളെജിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പിടിയിലായിരുന്നു. 2019 ലും 2021ലും കാപ്പ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


