
ഇടുക്കി: ചന്ദന മരങ്ങൾക്ക് കാവൽ നിന്ന വനം വകുപ്പ് ജീവനക്കാരൻ അപകടത്തിൽ മരിച്ചു. മറയൂർ പാമ്പൻ പാറ പാക്കുപറമ്പിൽ പിബി ബാബുവാണ് മരിച്ചത്. 63 വയസായിരുന്നു. മറയൂരിനടുത്ത് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. വനത്തിൽ നിരീക്ഷണാവശ്യത്തിനായി തയ്യാറാക്കിയ ഏറുമാടത്തിൽ നിന്ന് ഇദ്ദേഹം താഴെ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പിൽ താത്കാലിക ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രിയില്‍ ചന്ദനകാട്ടിലെ ഏറുമാടത്തിലായിരുന്നു ബാബുവിന്‍റെ ജോലി. പുലര്‍ച്ചെ ഡ്യൂട്ടി മാറാനെത്തിയ വാച്ചര്‍മാരാണ് ബാബുവിനെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മറയൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.