
മലപ്പുറം: കൈക്കൂലി കേസില്‍ കെഎസ്ഇബി കുറ്റിപ്പുറം സെക്ഷന്‍ ഓഫിസിലെ മുന്‍ ഓവര്‍സിയറെ വിജിലന്‍സ് കോടതി മൂന്നു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരന്റെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് ഈടാക്കാതിരിക്കാന്‍ 700 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കുറ്റിപ്പുറം കെ.എസ്.ഇ. ബി സെക്ഷന്‍ ഓഫിസിലെ മുന്‍ ഓവര്‍സിയറും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുമായ മൈക്കിള്‍ പിള്ളയെ (60) കുറ്റക്കാരനാണെന്ന് കണ്ടെത്തി കോഴിക്കോട് വിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിക്കുകയായിരുന്നു.
വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കാന്‍ 2020ല്‍ കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സെക്ഷന്‍ ഓഫിസില്‍ ഓവര്‍സിയറായിരുന്ന മൈക്കിള്‍ പിള്ള അപേക്ഷ കൈപ്പറ്റിയ ശേഷം വൈദ്യുതി ഉപയോഗിക്കാന്‍ പരാതിക്കാരന് വാക്കാല്‍ അനുമതി നല്‍കി. തുടര്‍ന്ന്, നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം അധിക നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കാനായി കുറ്റിപ്പുറം സെക്ഷന്‍ ഓഫിസില്‍ എത്തിയ പരാതിക്കാരനോട്, 1,560 രൂപ യഥാര്‍ഥത്തില്‍ ചാര്‍ജാകുമെന്നും ഈ തുക അടക്കുന്നതിനു പകരമായി 700 രൂപ തനിക്ക് കൈക്കൂലിയായി നല്‍കിയാല്‍ മതിയെന്നും മൈക്കിള്‍ പിള്ള ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി തുകയായ 700 രൂപ പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയ സമയം മലപ്പുറം വിജിലന്‍സ് യൂനിറ്റ് കൈയോടെ പിടികൂടിയ കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചതും.
കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ഷിബു തോമസാണ് വിധി പുറപ്പെടുവിച്ചത്. മലപ്പുറം വിജിലന്‍സ് യൂനിറ്റിലെ മുന്‍ ഡി വൈ.എസ്.പിമാരായിരുന്ന എ. രാമചന്ദ്രന്‍, ഫിറോസ് എം. ഷഫീക്ക്, പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം. ഗംഗാധരന്‍ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അരുണ്‍ നാഥ് ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam