
കോഴിക്കോട്: മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പിന്നാലെ വിവാദം. ലീഗ് നേതാക്കൾക്കൊപ്പമാണ് ഇമ്രാൻ ഖാന്റെ ചിത്രവും ഇടംപിടിച്ചത്. തീം സോങ്ങിനെതിരെ ഇടതുവിദ്യാർഥി സംഘടനയായ എസ്എഫ്‌ഐ രംഗത്തെത്തി. മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുന്ന പാകിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്താണ് ബന്ധമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ ചിത്രം തങ്ങളുടെ പൂർവ്വകാല നേതാക്കളുടെ ചിത്രത്തോടൊപ്പം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്കണ്ടു. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളത്, എന്താണ് എം.എസ്.എഫിന് അദ്ദേഹത്തോടുള്ള പ്രതിബദ്ധത ?
നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? തങ്ങൾ മതനിരപേക്ഷമാണെന്ന് തെളിയിക്കാൻ പാടുപെടുന്ന കേരളത്തിലെ എം.എസ്.എഫ് ഇതുവഴി ഇപ്പോൾ സംഘപരിവാർ ബോധത്തെ വളർത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. സംഘികൾ ഉടൻ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത് ഇസ്ലാമിയോടും അതു ഉയർത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവർ സംഘപരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാൽ എം എസ് എഫിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷവാദികൾ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും.എന്നാൽ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി.കെ നവാസും സംഘവും ചെയ്തത്.
എം.എസ്.എഫിലെ ചിലർ വിമർശനം ഉയർത്തിയതിന്റെ ഭാഗമായി ഈ ഗാനം മനസ്സിലാമനസ്സോടെ പി കെ നവാസ് പിൻവലിച്ചതായി കാണുന്നു എന്നാൽ നവാസിന്റെ ലക്ഷ്യം നിർവേറി കഴിഞ്ഞിരിക്കുന്നു, ചിലതൊക്കെ ഇങ്ങനെയാണ് എത്ര മറച്ചു പിടിച്ചാലും തികട്ടി, തികട്ടി വരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam